തിരുവനന്തപുരം: ആയുർവേദ ആചാര്യൻ വൈദ്യരത്‌നം പി.കെ വാര്യരുടെ നിര്യാണത്തിൽ അനുശോചനവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളം ലോകത്തിന് ദാനം ചെയ്‌ത അപൂർവം പ്രതിഭകളിൽ ഒരാളായ പി.കെ വാര്യർ കാരണം ആയുർവേദ ചികിത്സയ്‌ക്കും പഠനത്തിനുമായി വിദേശത്ത് നിന്നും നിരവധിപേർ കേരളത്തിൽ എത്തി. ഇതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചതെന്ന് കെ.കെ ശൈലജ ഫേസ്‌ബുക്കിൽ കുറിച്ച പോസ്‌റ്റിൽ പറയുന്നു.
കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയുടെ മാത്രമല്ല കേരളത്തിലുടനീളം ആയുർവേദത്തെ ശക്തിപ്പെടുത്താൻ അദ്ദേഹം ഇടപെട്ടു. ആരോഗ്യമന്ത്രിയായി താൻ പ്രവർത്തിച്ച അവസരത്തിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഏറ്റുവാങ്ങാനും ചെറിയ കാര്യങ്ങൾക്ക് പോലും അഭിനന്ദിക്കാനും നിദ്ദേശം നൽകാനും അദ്ദേഹം കാണിച്ച മഹാമനസ്‌കത പ്രതിസന്ധികളെ മറികടക്കാൻ തനിക്ക് കരുത്തായെന്നും കെ.കെ ശൈലജ പറഞ്ഞു.
കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
കേരളം ലോകത്തിന് ദാനം ചെയ്ത അപൂർവ്വം പ്രതിഭകളിൽ ഒരാളാണ് ഡോ.പി.കെ.വാര്യർ. ആയൂർവേദ ചികിത്സയുടെ കുലപതിയായി വിശേഷിക്കപ്പെടുന്ന ഇദ്ദേഹം ആയൂർവേദത്തെ ലോകത്തിന് പരിചയപ്പെടുത്തിയ മഹാനായിരുന്നു. ആയൂർവേദ ചികിത്സയ്ക്കും പഠനത്തിനുമായി വിദേശത്ത് നിന്ന് നരവധി പേരെ കേരളത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. കോട്ടക്കൽ ആര്യവൈദ്യശാലയുടെ വികസനത്തിന് മാത്രമല്ല, കേരളത്തിൽ ഉടനീളം ആയൂർവേദത്തെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം ഇടപെട്ടു. വൈദ്യരത്നം പി.എസ്.വാര്യരുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച് ആയൂർവേദത്തെ സംരക്ഷിക്കുന്നതിനും വളർത്തുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.
കേരളത്തിന്റെ ആരോഗ്യ മന്ത്രിയായി ഞാൻ പ്രവർത്തിച്ച അവസരത്തിൽ നിരവധി തവണ അദ്ദേഹത്തെ സന്ദർശിക്കുന്നതിനും ഉപദേശ നിർദ്ദേശങ്ങൾ ഏറ്റുവാങ്ങുന്നതിനും കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും ധന്യനിമിഷങ്ങളായി കരുത്തുന്നു. ഗുരുതുല്യമായ വാത്സല്യത്തോട് കൂടിയാണ് ഡോ.പി.കെ.വാര്യർ പെരുമാറുക. ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് പോലും അഭിനന്ദിക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള നിർദ്ദേശം നൽകാൻ അദ്ദേഹം കാണിച്ച മഹാമനസ്‌കത പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തായി എനിക്ക് തോന്നിയിട്ടുണ്ട്. ഈ അവസരത്തിൽ ആയൂർവേദത്തെ കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തിൽ നിന്ന് സമ്മാനമായി ലഭിച്ചത് മാഹാഭാഗ്യമായി കരുത്തുന്നു. ഭൗതികമായി ഡോ.പി.കെ.വാര്യർ നമ്മോട് വിടപറഞ്ഞുവെങ്കിലും അദ്ദേഹം അവശേഷിപ്പിച്ച പുരോഗമന ആശയങ്ങളുടെയും ആയൂർവേദം സംബന്ധിച്ച അറിവുകളുടെ വലിയ സമ്പത്ത് നമ്മോടൊപ്പം ഉണ്ട്. പുതുലതലമുറ അവയെല്ലാം ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ സ്മരണയോട് പുലർത്തേണ്ടുന്ന ആദരവ് എന്ന് നാം കാണണം. ശ്രീ.പി.കെ.വാര്യരുടെ വേർപാടിൽ കേരളീയ സമൂഹത്തിന്റെ ദുഖത്തോടൊപ്പം ഞാനും പങ്കുചേരുന്നു.