black-apple

ആപ്പിൾ തോട്ടമെന്ന് കേൾക്കുമ്പോൾ മനസിലെത്തുന്നത് കാശ്മീരും മേഘാലയയും പോലുള്ള ടൂറിസം കേന്ദ്രങ്ങളാണ്. മഞ്ഞുമൂടിയ തോട്ടത്തിൽ, ചുവന്നു തുടുത്ത് കായ്ച്ചു കിടക്കുന്ന ആപ്പിളുകൾ വലിയ സന്തോഷം തന്നെയാണ് പ്രദാനം ചെയ്യുന്നത്. ഗ്രാന്നി സ്മിത്ത്, ഹണി ക്രിസ്പ്, ഗാല, ഫൂജി എന്നിങ്ങനെ പല ഇനത്തിലുള്ള ആപ്പിളുകൾ വിപണിയിലുണ്ട്.

പച്ചയും ചുവപ്പു നിറത്തിലുമുള്ള ആപ്പിളുകളാണ് സാധാരണ നമ്മുടെ നാട്ടിൽ കിട്ടാറുള്ളത്. എന്നാൽ യു.എസിലെ അർക്കൻസാസിലെ ബെൻടൺ കൗണ്ടിയിൽ വ്യത്യസ്തമായൊരു ആപ്പിൾ തോട്ടമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടത്തെ ആപ്പിളിന്റെ നിറം കറുപ്പാണ്! കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും സംഗതി സത്യമാണ്.

മാത്രമല്ല,സാധാരണ ആപ്പിളിന്റെ രുചിയേ അല്ല ബ്ളാക്ക് ആപ്പിളിന്. കടുത്ത ചവർപ്പ് കാരണം ഒന്നു രുചിക്കാൻ പോലും മടിക്കുന്ന ആപ്പിളാണിത്. ഈ ആപ്പിളുകൾ കുറച്ച് നാൾ റഫ്രിജറേറ്ററിനുള്ളിൽ സൂക്ഷിച്ചാൽ മാത്രമെ ചവർപ്പ് മാറി ഭക്ഷണയോഗ്യമാകു.

1870 ൽ ബെന്റൺവില്ലിലെ ഒരു തോട്ടത്തിലാണ് കർഷകർ ആദ്യമായി ബ്ളാക്ക് ആപ്പിൾ കൃഷി ചെയ്യാൻ ആരംഭിച്ചത്. ഈ ആപ്പിളിനെ ചുറ്റിപ്പറ്റിയുള്ള ഒരു സമ്പദ്‌ വ്യവസ്ഥയാണ് അർക്കൻസാസിലുള്ളത്. 1920കളിൽ സംസ്ഥാനത്തിന്റെ വിളവിന്റെ 15 മുതൽ 20 ശതമാനം വരെ കറുത്ത ആപ്പിളായിരുന്നു. എന്നാൽ പിന്നീട് ആപ്പിളിലുണ്ടായ പുഴു ബാധയും സംസ്ഥാനത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യവും വാണിജ്യ ഉൽപ്പാദനത്തിന് കനത്ത പ്രഹരമേൽപ്പിച്ചു. ഇന്ന്, സംസ്ഥാനത്തെ മൊത്തം ആപ്പിൾ ഉൽപാദനത്തിന്റെ 3 മുതൽ 5 ശതമാനം വരെ ബ്ലാക്ക് ആപ്പിളാണ്.

ഇവിടെയുള്ള മിക്ക വീടുകളുടെ മുറ്റത്തും കറുത്ത ആപ്പിൾ മരങ്ങൾ കാണാം. ഏറെ നാൾ കേടാകാതിരിക്കുമെന്നതിനാൽ ആപ്പിൾ പൈയും പേസ്ട്രികളും ഉണ്ടാക്കാൻ ഈ വിശിഷ്ട ആപ്പിൾ ഉപയോഗിക്കാറുണ്ട്. ഇവയ്ക്ക് ആരോഗ്യപരമായും നിരവധി സവിശേഷതകളുണ്ട്. യഥേഷ്ടം നാരുകൾ അടങ്ങിയ ഈ ഫലം, മികച്ച ദഹനത്തിനും കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്‌രോഗം തടയുന്നതിനും ഗുണകരമാണ്. വിറ്റാമിൻ സി, എ എന്നിവയുടെ മികച്ച സ്രോതസ്സായ ഇവയിൽ ധാരാളം പൊട്ടാസ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്.

ഒക്ടോബർ അവസാനത്തോടെയാണ് ഇവ വിളവിന് പാകമാകുന്നത്. ഈ സമയത്ത് ആപ്പിൾ തോട്ടങ്ങൾ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ എത്താറുണ്ട്. നവംബർ അവസാനത്തോടെ അർക്കൻസാസ് സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ കറുത്ത ആപ്പിൾ ഉപയോഗിച്ചുള്ള നിരവധി വെറൈറ്റി വിഭവങ്ങൾ യഥേഷ്ടം ലഭ്യമാകും.

ലോകത്ത് ഏകദേശം 7,500 ഇനം ആപ്പിളുകൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇവയിൽ 2,500 ഇനവും യു.എസിലാണ്. യു.എസ്, പോളണ്ട്, തുർക്കി, ഇറ്റലി, ചൈന എന്നീ രാജ്യങ്ങളിലെ കർഷകരാണ് ലോകത്താകെയുള്ള ആപ്പിളിന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത്.