തിരുവനന്തപുരം. സപ്ളൈകോയുടെ ആഭിമുഖ്യത്തിൽ പ്രധാന നഗരങ്ങളിൽ ഓൺലൈൻ വ്യാപാരം ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ആദ്യപടിയെന്നോണം തിരുവനന്തപുരം നഗരപരിധിയിൽ ആഗസ്റ്റ് ഒന്നുമുതൽ ഓൺലൈൻ വ്യാപാരം തുടങ്ങും. നഗരത്തിലെ 30 കിലോമീറ്റർ ചുറ്റളവിൽ വിതരണം നടത്താനാണ് ആലോചന. ഓർഡർ സ്വീകരിച്ച് ആറു മണിക്കൂറിനുള്ളിൽ വിതരണം നടത്തും. വിതരണത്തിനായി പുതിയ സംവിധാനം ഉണ്ടാക്കും.
സപ്ളൈകോ ഉത്പന്നങ്ങൾക്കൊപ്പം ഉപഭോക്താവ് ആവശ്യപ്പെടുന്ന സാധനങ്ങളും ലഭ്യമാക്കും. ആധുനികരീതിയിലുള്ള വിതരണ ശൃഖലയായിരിക്കുമിത്. കൊച്ചി, കോഴിക്കോട് നഗരങ്ങളിലും മറ്റു ജില്ലാ കേന്ദ്രങ്ങളിലും വൈകാതെ ഓൺലൈൻ വ്യാപാരം ആരംഭിക്കുമെന്നും 'കൗമുദി ടിവി സ്ട്രെയിറ്റ് ലൈൻ" അഭിമുഖ പരിപാടിയിൽ മന്ത്രി പറഞ്ഞു.
ഓണച്ചന്ത
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ കേന്ദ്രങ്ങളിൽ ഓണച്ചന്ത നടത്താനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഓണം സ്പെഷ്യൽ കിറ്റിൽ ഏലം കർഷകരുടെയും നെൽക്കർഷകരുടെയും മിൽമയുടെയും ഉത്പന്നങ്ങൾ ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനകൾ പരിഗണിക്കും. ഓണക്കിറ്റിൽ അരിപ്പായസത്തിന് ചമ്പാവ് അരി നൽകാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ അഭ്യർത്ഥന മാനിച്ച് അവർക്കായി മധുരമുള്ള ഒരു ഐറ്റം ഉൾപ്പെടുത്തും.
തവിട് എണ്ണ വിതരണം ചെയ്യില്ല. കിറ്റിലെ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. താൻ നേരിട്ടും നിരീക്ഷിക്കും. സർക്കാർ ലാബിലല്ലാതെ സ്വകാര്യലാബുകളിൽ ഗുണപരിശോധന നടത്തില്ല. ഗോഡൗണുകളിൽ നിന്ന് പോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുമെന്നും മന്ത്രി അനിൽ പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് (ഞായർ) രാത്രി എട്ടു മണിക്ക്
കൗമുദി ടിവി സംപ്രേഷണം ചെയ്യും.