ന്യൂഡൽഹി: ഈ മാസം 13ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പര 18ലേക്ക് മാറ്റി. ശ്രീലങ്കൻ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ ആൻഡി ഫ്ലവറിന് പിന്നാലെ അനലിസ്റ്റിനും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടിവയ്ക്കാൻ ഇരു ബോർഡുകളും നിർബന്ധിതരായത്. ഏകദിന മത്സരങ്ങൾ 18, 20, 23 തീയതികളിലും ടി 20 മത്സരങ്ങൾ 25, 27, 29 തീയതികളിലുമായിരിക്കും നടക്കുക.
കോച്ചിനും അനലിസ്റ്റിനും കൊവിഡ് ബാധിച്ചതിനാൽ ശ്രീലങ്കൻ ടീമിന്റെ ക്വാറന്റൈൻ കാലാവധി നീട്ടേണ്ടി വരും. അതിനാലാണ് പരമ്പര നീട്ടിവയ്ക്കുന്നത്. ശ്രീലങ്കൻ ടീമിന്റെ വീഡിയോ അനലിസ്റ്റായ ജി ടി നിരോഷനാണ് പുതുതായി കൊവിഡ് സ്ഥീരീകരിച്ചത്. ഫ്‌ളവറിന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ശ്രീലങ്കയുടെ ക്യാമ്പിലുള്ള എല്ലാവർക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിരോഷന് രോഗം സ്ഥിരീകരിച്ചത്.