പറവൂർ: ഇന്ധന വില ദിനംപ്രതി വർദ്ധിപ്പിക്കുന്നതിലൂടെ ജനങ്ങളെ പീഡിപ്പിച്ച് കേന്ദ്ര സർക്കാർ ആനന്ദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറവൂരിലെ വീട്ടിൽ യു.ഡി.എഫ് കുടുംബ സത്യഗ്രഹത്തിൽ പങ്കെടുക്കുന്നതിനിടെ പറഞ്ഞു.
അവശ്യ സേവനങ്ങൾക്ക് ഇന്ധന സബ്‌സിഡി നൽക്കാൻ സർക്കാർ തയ്യാറാകണം. സംസ്ഥാന സർക്കാർ അധികമായി ലഭിക്കുന്ന നികുതിയിൽ നിന്ന് നിശ്ചിത ശതമാനം ചെലവഴിച്ച് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ടാക്സികൾ, മത്സ്യമേഖല തുടങ്ങിയവയ്ക്ക് ഇന്ധന സബ്സിഡി നൽകണം.
വണ്ടിപ്പെരിയാർ കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാകണം. എസ്.എം.എ രോഗാവസ്ഥയുള്ള കുട്ടികൾക്ക് മരുന്ന് ലഭ്യമാക്കാൻ സർക്കാർ മുൻകൈയെടുക്കണം. വിഷയം നിയമസഭയിൽ ഉന്നയിക്കും.
സംസ്ഥാനത്തു നിന്ന് ഒരു വ്യവസായവും വിട്ടുപോകരുത് എന്നതാണ് പ്രതിപക്ഷനിലപാട്.
സി.പി.എമ്മിന്റെ ബി ടീം
ഇടത് സർക്കാർ അധികാരത്തിലേറാൻ വലിയ പങ്ക് വഹിച്ചവരാണ് കിറ്റെക്സ്. സി.പി.എമ്മിന്റെ ബി ടീമായാണ് കിറ്റെക്‌സ് ഉടമയുടെ നേതൃത്വത്തിലുള്ള ട്വന്റി 20 പ്രവർത്തിച്ചത്. ഇവർ തമ്മിൽ അകലാൻ എന്തോ കാരണമുണ്ടെന്ന് സംശയിക്കുന്നതായും സതീശൻ പറഞ്ഞു.