തിരുവനന്തപുരം: അമ്പലപ്പുഴയിലെ വീഴ്‌ചകൾ സംബന്ധിച്ച് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അവ പരിഹരിക്കാനാണ് ശ്രമമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പരിശോധന സാധാരണ പാർട്ടി ശൈലിയാണ്. പരിശോധന വ്യക്തി കേന്ദ്രീകൃതമല്ല. അമ്പലപ്പുഴയിൽ മാത്രമല്ല അന്വേഷണം. കൽപ്പറ്റയിലും പാലായിലും അന്വേഷണം നടക്കുന്നുണ്ടെന്നും വിജയരാഘവൻ വ്യക്തമാക്കി.
പാർട്ടിക്കുണ്ടായ വിജയം കാണാതെ പോകരുത്. പരിശോധനയും തിരുത്തലും പാർട്ടിയിൽ എന്നുമുണ്ടാകും. ജയിക്കേണ്ട ചില മണ്ഡലങ്ങളിൽ സംഘടനാപരമായ പരിമിതികൾ ഉണ്ടായിയെന്നത് ശരിയാണ്. അതിലെ നിജസ്ഥിതി അറിയാനാണ് അന്വേഷണം നടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഉയർത്തിയ ദുഷ്പ്രചാരണങ്ങൾ ജനങ്ങൾ തളളിക്കളഞ്ഞു. പതിവിന് വിപരീതമായി തുടർഭരണം ഉണ്ടായത് അതുകൊണ്ടാണ്. ജനകീയ അടിത്തറയും പ്രത്യയശാസ്‌ത്രപരമായ കെട്ടുറപ്പും സംരക്ഷിക്കാനുളള നടപടികൾ ഇനിയും തുടരും. തിരഞ്ഞെടുപ്പ് വിജയത്തോടെ വലിയ ഉത്തരവാദിത്തമാണ് പാർട്ടിക്ക് വന്നുചേർന്നിരിക്കുന്നതെന്നും വിജയരാഘവൻ വ്യക്തമാക്കി.