ഇൻഡോർ: പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ സ്ത്രീകൾ ഉൾപ്പെടെയുള്ള അഞ്ചുപേർക്ക് ഇന്ത്യൻ പൗരത്വം നൽകി മദ്ധ്യപ്രദേശ് സർക്കാർ. ഇൻഡോറിൽ വച്ച് നടന്ന ചടങ്ങിൽ മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഏതാനും മാസം പ്രായമുളളപ്പോൾ ഇന്ത്യയിലെത്തിയ 40 വയസുകാരി ഗീതയാണ് പൗരത്വം ലഭിച്ച രണ്ടു വനിതകളിലൊരാൾ.
1981 ജനുവരി 31ന് പാകിസ്ഥാനിലെ ജകോബാബാദിലാണ് ഗീത ജനിച്ചത്. അതേ വർഷം ജൂണിലാണ് ഗീതയുടെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുന്നത്. 2015 സെപ്തംബറിലാണ് ഇവർ കളക്ട്രേറ്റിൽ പൗരത്വത്തിനുള്ള അപേക്ഷ സമർപ്പിച്ചത്.
' പൗരത്വം ലഭിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അത് നടക്കുന്നുണ്ടായിരുന്നില്ല. എന്റെ സഹോദരിയും സഹോദരനും ഇനിയും പൗരത്വം ലഭിച്ചിട്ടില്ല.' -ഗീത പറഞ്ഞു.
പൗരത്വം ലഭിച്ചവരിൽ വിവാഹിതയായ ഒരു മുസ്ലിം വനിതയുമുണ്ട്. സിന്ധിൽ നിന്നുളള നിരവധി ഹിന്ദു അഭയാർത്ഥികൾ ഇൻഡോറിൽ താമസിക്കുന്നുണ്ടെന്ന് അവർ പറയുന്നു. ഇവരിൽ 2000 പേർക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ പൗരത്വം ലഭിച്ചു. 1200 പേർ ഇപ്പോഴും കാത്തിരിക്കുകയാണ്.