പ്യോംങ്യാംഗ് : പാർശ്വഫലങ്ങളുണ്ടാകുമെന്ന ഭീതിയെ തുടർന്ന് അസ്ട്രസെനക കൊവിഡ് വാക്സിൻ നിരസിച്ച് ഉത്തരകൊറിയ. ദരിദ്ര രാഷ്ട്രങ്ങളിൽ വാക്സിൻ എത്തിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് വിതരണ പദ്ധതിയിലൂടെ 20 ലക്ഷം വാക്സിൻ ഡോസുകളാണ് ഉത്തര കൊറിയയ്ക്കായി നീക്കിവച്ചിരുന്നത്. എന്നാൽ ഇതാണ് ഉത്തരകൊറിയ നിരസിക്കുകയായിരുന്നു.
ഉത്തരകൊറിയയിൽ മേയ് അവസാനത്തോടെ വാക്സിൻ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും ചർച്ചകളിൽ തീരുമാനമാകാതായതോടെ വിതരണം വൈകുകയായിരുന്നു.
രാജ്യത്ത് ഇതുവരെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തില്ലെന്നാണ് ഉത്തര കൊറിയയുടെ വാദം. കൊവിഡിന്റെ ആദ്യ തരംഗത്തെ തുടർന്ന് തന്നെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഉത്തരകൊറിയ അതിർത്തികൾ അടയ്ക്കുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
അസ്‌സെനകയുടെ വാക്സിൻ അല്ലാതെ മറ്റു വാക്സിനുകൾ രാജ്യത്ത് വിതരണം ആരംഭിക്കാനാണ് നീക്കമെന്ന് ഉത്തര കൊറിയൻ അധികൃതർ വ്യക്തമാക്കി. ചൈനീസ് കൊവിഡ് വാക്സിനുകളോടും താത്പര്യമില്ലെന്ന് ദേശീയ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.