കസ്‌തൂരിമാനുകൾ ഇണകളെ ആകർഷിക്കാൻ പുറപ്പെടുവിക്കുന്ന സ്രവം കസ്‌തൂരി എന്ന സുഗന്ധദ്രവ്യമായി നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഇതുപോലെ മറ്റ് ജന്തുക്കളുടെ പല ഭാഗങ്ങളും മനുഷ്യർ ഓരോ ആവശ്യത്തിന് ഉപയോഗിക്കുന്നു. എന്നാൽ സ്‌പേം വെയിൽ അഥവാ എണ്ണത്തിമിംഗലം ഛർദ്ദിച്ച് കളയുന്ന അവശിഷ്‌ടം നമ്മൾ മനുഷ്യർക്ക് സുഗന്ധ ദ്രവ്യമാണ്. ഇവയാണ് അംബർ ഗ്രീസ് അഥവാ തിമിംഗല ഛർദ്ദി.
കഴിഞ്ഞ ദിവസം 30 കോടി രൂപ വിലവരുന്ന 19 കിലോ അംബർ ഗ്രീസുമായി മൂന്നംഗ സംഘത്തെ പിടികൂടിയ വാർത്ത നമ്മുടെ കേരളത്തിൽ നിന്നു തന്നെ കേട്ടല്ലോ. തിമിംഗലം ഛർദ്ദിച്ചു കളയുന്നത് നമുക്ക് ഇത്ര വിലമതിപ്പുളള സുഗന്ധ ദ്രവ്യമാകുന്നത് എങ്ങനെയാണ് അത് നോക്കാം.
സമുദ്രത്തിൽ പൊന്തിക്കിടക്കും
തിമിംഗലങ്ങൾ ഛർദ്ദിച്ച ഉടനെ ഇവയ്‌ക്ക് രൂക്ഷമായ ഗന്ധമാണെങ്കിലും കാലങ്ങൾ കഴിയുമ്പോൾ ഈ ഗന്ധം മാറും. മാത്രമല്ല സമുദ്രോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഇവ 'ഫ്ളോട്ടിംഗ് ഗോൾഡ്' എന്നും അറിയപ്പെടുന്നു.
കൂന്തളുകളാണ് സ്‌പേം വെയിലുകളുടെ പ്രധാന ഭക്ഷണം. ആയിരക്കണക്കിന് കൂന്തളുകളെ ഇവ ഒരു ദിവസം തന്നെ അകത്താക്കും. ഇവ തിമിംഗലത്തിന്റെ കുടലുകളിൽ വച്ച് ഈ കൂന്തളുകളുടെ കൈറ്റിൻ കൊണ്ടുളള നാവിലെ മുറിവ് ഏൽക്കാതിരിക്കാൻ തിമിംഗലത്തിന്റെ പാൻക്രിയാസ് ഗ്രന്ധിയിൽ നിന്നും ഒരു സ്രവം ഇവയെ പൊതിയും. ഇത് ഒടുവിൽ അംബർഗ്രീസായി മാറുകയും അവ തിമിംഗലം ഛർദ്ദിച്ച് കളയുകയും ചെയ്യും. അതുകൊണ്ടാണ് ഇവക്ക് തിമിംഗല ഛർദ്ദി എന്ന പേര് കിട്ടിയത്.
അംബർഗ്രീസിന്റെ ഘടന
വളരെ വഴുവഴുപ്പുളള കറുത്ത വസ്‌തുവായാണ് ഇവ പുറത്തെത്തുക. കടലിലെ പരപ്പിൽ ഒഴുകി നടക്കുന്ന ഇവ ഏറെ നാളുകൾക്ക് ശേഷം തീരത്തടിയാറുണ്ട്. കാലങ്ങൾ കഴിയുമ്പോൾ ഇവ സുഗന്ധമുളള വസ്‌തുവാകും.
പൊന്നിനെക്കാൾ വില
ഒഴുകുന്ന സ്വർണം എന്ന് ഇവയെ വിളിക്കുന്നത് വെറുതെയല്ല. ഒരു കിലോ തിമിംഗലഛർദ്ദിക്ക് ഒരു കോടിയോളം രൂപയാണ് അന്താരാഷ്‌ട്ര മാർക്കറ്റിൽ വില വരിക. സുഗന്ധ വ്യഞ്ജനമായി ഇവ ഉപയോഗിക്കുന്നതിനാലാണ് ഇത്. പണ്ട് കാലത്ത് ഈജിപ്‌തുകാർ ഇവ സുഗന്ധദ്രവ്യത്തിനൊപ്പം ഉപയോഗിച്ചിരുന്നു. ഇപ്പോൾ അറബ് രാജ്യങ്ങളിൽ ഇവയ്‌ക്ക് നല്ല ആവശ്യക്കാരുണ്ട്. പരമ്പരാഗത മരുന്ന് നിർമ്മാണത്തിനും ഇവ ഉപയോഗിക്കുന്നു. ഈയിടെ യമനിൽ 35 മത്സ്യത്തൊഴിലാളികൾക്ക് ഇങ്ങനെ ലഭിച്ച തിമിംഗല ഛർദ്ദി വിറ്റ് നൂറ് കോടിയിലേറെ രൂപയാണ് ലഭിച്ചത്.
കൈവശം വയ്‌ക്കുന്നതും വിൽപനയും ശിക്ഷാർഹം
അതെ. അംബർഗ്രിസ് ഇത്രയധികം വിലയുളള വസ്‌തുവായതിനാൽ ഇവയ്‌ക്കായി കളളക്കടത്തും ആഗോളതലത്തിൽ സജീവമാണ്. തീരങ്ങളോട് ചേർന്ന് താമസിക്കുന്നവർ ഇത്തരത്തിൽ കളളക്കടത്ത് നടത്തിയിരുന്നു. ഇന്ത്യയിൽ ഗുജറാത്ത് തീരത്ത് ഇത്തരം കടത്ത് നടക്കുന്നതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മുംബയിൽ ജൂൺ മാസം അവസാനം ഇത്തരത്തിൽ അംബർഗ്രീസുമായി സംഘത്തെ പിടികൂടി. പൊതുവെ സമുദ്രോപരിതലത്തിൽ ഉയർന്നുവരാൻ മടികാണിക്കുന്ന സ്‌പേം തിമിംഗലങ്ങളെ ഇതിനായി വേട്ടയാടാൻ ഇടയുളളതിനാലും ആകെ തിമിംഗലങ്ങളിൽ ഒരു ശതമാനത്തിന് മാത്രമേ ഇവ ഉൽപാദിപ്പിക്കാൻ കഴിയൂ എന്നതിനാൽ കൂടി ഇവയുടെ വിൽപന അനധികൃതമാണ്.