kushaq

കൊച്ചി: പുത്തൻ മോഡലായ കുഷാഖ് പുറത്തിറക്കിയതിലൂടെ സ്‌കോഡ ഇന്ത്യയിൽ ഉന്നമിടുന്നത് മിഡ്-സൈസ് എസ്.യു.വി ശ്രേണിയിൽ പത്ത് ശതമാനം വിപണി വിഹിതം. 10.50 ലക്ഷം രൂപയിൽ വിലയാരംഭിക്കുന്ന കുഷാഖ് പ്രതിമാസം 3,000-4,000 യൂണിറ്റുകളുടെ വില്പനയാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, റെനോ ഡസ്‌റ്റർ എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികൾ.

ഇതിനകം തന്നെ 2,000 ലേറെ യൂണിറ്റുകളുടെ ബുക്കിംഗ് കുഷാഖ് നേടി. പൂർണമായും ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമാണെന്നതാണ് കുഷാഖിന്റെ മുഖ്യ ആകർഷണം. ഇന്ത്യൻ ഉപഭോക്താക്കളുടെ താത്പര്യങ്ങൾ തിരിച്ചറിഞ്ഞാണ് നിർമ്മാണം.

ഇന്ത്യയ്ക്കായി സ്‌കോഡ ഓട്ടോയും മാതൃകമ്പനിയായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പും ചേർന്ന് ആസൂത്രണം ചെയ്‌ത 'ഇന്ത്യ 2.0 പ്രൊജക്‌ടിന്റെ" ഭാഗമായി, ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മോഡലാണിത്. നിർമ്മാണത്തിൽ 95 ശതമാനവും പ്രാദേശിക ഇന്ത്യൻ ഘടകങ്ങൾ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. വില താരതമ്യേന കുറഞ്ഞു നിൽക്കാനും ഇതാണ് അനുകൂലഘടകം. പൂനെ പ്ളാന്റിൽ എം.ക്യു.ബി-എ.സീറോ-ഇൻ അടിസ്ഥാനമാക്കി എം.ക്യു.ബി പ്ളാറ്റ്‌ഫോമിലാണ് കുഷാഖിന്റെ നിർമ്മാണം. ഇന്ത്യൻ വിപണിക്കായി സ്‌കോഡ പ്രത്യേകം സജ്ജമാക്കിയ പ്ളാറ്റ്‌ഫോമാണിത്. ഉയർന്ന ഗ്രൗണ്ട് ക്ളിയറൻസ്, വലിയ വീലുകൾ, ആകർഷകമായ ഡിസൈൻ, എൽ.ഇ.ഡി മയമുള്ള ഹെഡ്‌ലൈറ്റ്, ടെയ്ൽ‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ് എന്നിവ മികവുകളാണ്.

വലിയ ഗ്ലോസ് ബ്ളാക്ക് ഗ്രില്ലാണ് മുന്നിലെ പ്രധാന ആകർഷണം. അതിനു ചുറ്റുമുള്ള ക്രോം വലയം ഹെഡ്‌ലൈറ്റുകളിലേക്ക് ചേർന്നിരിക്കുന്നു. ബമ്പറിന്റെ മുകൾ ഭാഗത്തിന് ബോഡി കളറും താഴെ കറുപ്പും നൽകിയത് സ്‌പോർട്ടീ ടച്ച് സമ്മാനിക്കുന്നു. പൗരുഷഭാവമുള്ള വലിയ ബോണറ്റ്, വലിയ റൂഫ്‌ലൈൻ, വശങ്ങളിലെ ലൈനുകൾ എന്നിവ വലിയൊരു വാഹനമെന്ന ഫീലാണ് നൽകുന്നത്. 4,221 എം.എം. ആണ് കുഷാഖിന്റെ നീളം. വീതി 1,760 എം.എം. ഉയരം 1,612 എം.എം. 2,651 എം.എം. ആണ് വീൽബെയ്സ്. 188 എം.എം ഗ്രൗണ്ട് ക്ളിയറൻസും നൽകിയിരിക്കുന്നു.

ടെയ്ൽഗേറ്റിൽ സ്‌കോഡ എന്ന ബോൾഡായി എഴുതിയിരിക്കുന്നു. ഇടതുവശം ചേർന്ന് അല്പംതാഴെ കുഷാഖ് ബാഡ്‌ജും. ഹണി ഓറഞ്ച്, ടൊർണാഡോ റെഡ് നിറഭേദങ്ങൾ ഇന്ത്യയ്ക്കായി മാത്രം സ്‌കോഡ കരുതിയിട്ടുള്ളതാണ്. കാൻഡി വൈറ്റ്, മെറ്റാലിക് റിഫ്ളക്‌സ് സിൽവർ, മെറ്റാലിക് കാ‌ർബൺ സ്‌റ്റീൽ നിറഭേദങ്ങളുമുണ്ട്.

ബിൽറ്റ്-ഇൻ നാവിഗേഷനോട് കൂടിയ പത്ത് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് അകത്തളത്തിലെ മുഖ്യാകർഷണം. നേരത്തേ സൂചിപ്പിച്ചതുപോലെ വിശാലമാണ് അകത്തളം. ഫീച്ചറുകളാലും ഒട്ടേറെ സ്‌റ്റോറേജ് ഓപ്‌ഷനുകളാലും സമ്പന്നവുമാണ്. വെന്റിലേറ്റഡ് ലെതർ സീറ്റുകൾ, മൾട്ടിഫംഗ്‌ഷൻ സ്‌റ്റിയറിംഗ് വീൽ, 6-സ്‌പീക്കറുകൾ, വൈ-ഫൈ ഹോട്ട്‌സ്പോട്ട്, എക്‌സ്‌റ്റേണൽ മൈക്ക്, ഹാൻ‌ഡ്‌സ്‌ഫ്രീ കോൾ ഓപ്ഷനുകൾ, സുരക്ഷാഫീച്ചറുകളായ ഹിൽഹോൾഡ് കൺട്രോൾ, ആറ് എയർബാഗുകൾ, ക്രൂസ് കൺട്രോൾ, റെയിൻ സെൻസർ, റിയർ പാർക്കിംഗ് സെൻസർ, റിയർവ്യൂ കാമറ തുടങ്ങിയവയുമുണ്ട്.

115 എച്ച്.പി കരുത്തുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ, 150 എച്ച്.പി കരുത്തുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളുണ്ട്. മികച്ച യാത്രാസുഖവും ഉയർന്നവേഗതയിലും മികച്ച നിയന്ത്രണവും ഉറപ്പുനൽകുന്ന എൻജിനുകളാണിവ. 1.0 ലിറ്റർ എൻജിനൊപ്പം 6-സ്‌പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോക്‌സുകൾ കാണാം. 1.5 ലിറ്ററിനൊപ്പമുള്ളത് ഓപ്‌ഷണാലായി 6-സ്‌പീഡ് മാനുവൽ, 7-സ്‌പീഡ് ഡ്യുവൽ ക്ളച്ച് ഓട്ടോമാറ്റിക് ഗിയർ ബോക്‌സുകൾ.