euro-malayali

തിരുവനന്തപുരം : യൂറോ കപ്പ് ഫുട്ബാളിന് ഇന്ന് ലണ്ടനിലെ വെംബ്ളിയിൽ തിരശീല വീഴുമ്പോൾ ടൂർണമെന്റിന്റെ വോളണ്ടിയറായി പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇംഗ്ളണ്ടിൽ എയ്റോസ്‌പേസ് എൻജിനീയറിംഗ് വിദ്യാർത്ഥിയായ മലയാളി ഇബ്രാഹിം ബാദ്ഷ. കൊവിഡ് സാഹചര്യത്തിൽ യൂറോയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ലണ്ടൻ മേയർ രൂപീകരിച്ച വോളണ്ടിയർ സംഘത്തിലാണ് ഇബ്രാഹിം ബാദ്ഷ പ്രവർത്തിച്ചത്. ഫാൻ സോണുകളിലും മറ്റും ആരാധകരെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിയന്ത്രിക്കുകയായിരുന്നു ഡ്യൂട്ടി.

ഫുട്ബാൾ സിരകളിൽ അലിഞ്ഞുചേർന്ന ഇംഗ്ളണ്ടിലെ ഫുട്ബാൾ ആരാധകരെ പുതിയ കാലത്തിന്റെ ശീലങ്ങളിലേക്ക് പരിവർത്തനപ്പെടുത്തുന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് ഇബ്രാഹിം പറയുന്നു. പ്രത്യേകിച്ച് ഇംഗ്ളണ്ട് ഫൈനലിലേക്ക് എത്തുകകൂടി ചെയ്തതോടെ ആരാധകരുടെ ആവേശം പതിന്മടങ്ങായി.ഡെന്മാർക്കിനെതിരായ സെമിഫൈനലിൽ ഇംഗ്ളണ്ട് ജയം കണ്ടതോടെ തെരുവുകളിൽ ആഘോഷം തുടങ്ങിയവരെ അടക്കിനിറുത്താൻ പൊലീസിന് അറസ്റ്റുകളും വേണ്ടിവന്നു. ഫൈനൽ ഉൾപ്പടെയുള്ള ഇംഗ്ളണ്ടിന്റെ മിക്ക മത്സരങ്ങളും വെംബ്ളിയിലായത് വോളണ്ടിയർമാർക്ക് വെല്ലുവിളിയായിരുന്നു.

യൂണിവേഴ്സിറ്റി ഒഫ് ഹെർട്ഫോർഡ്ഷെയറിലാണ് ഇബ്രാഹിം പഠിക്കുന്നത്. മൂന്ന് വർഷമായി ലണ്ടനിലെത്തിയിട്ട്.കൊല്ലം പള്ളിമുക്ക് സ്വദേശിയാണ്. കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലായിരുന്നു 12-ാം ക്ളാസ് വരെ വിദ്യാഭ്യാസം.പിതാവ് സാദത്ത്.മാതാവ് റസീന. ഫാത്തിമയും അജുമിയും സഹോദരിമാർ.