ജയ്പൂർ: കൊവിഡ് രണ്ടാം തരംഗം മൂലം രാജസ്ഥാനിൽ പഠനം ഓൺലൈനിലാണെങ്കിലും ചില മേഖലകളിൽ മൊബൈൽ കണക്ടിവിറ്റി ഇല്ലാത്തത് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ വെല്ലുവിളിയാണ്. ബാർമർ എന്ന സ്ഥലത്തും പഠനം പ്രതിസന്ധിയിലായി. ഇവിടെ മൊബൈൽ സിഗ്നൽ കുറവായതിനാൽ പഠിപ്പിക്കാനായി അദ്ധ്യാപകർ ഒട്ടകത്തിന്റെ പുറത്തേറി മരുഭൂമിയിലൂടെ സഞ്ചരിച്ച് വിദ്യാർത്ഥികളുടെ വീട്ടിലെത്തുന്നു. മരുഭൂമിയിലൂടെ ഒട്ടകപ്പുറത്തേറിയുള്ള അദ്ധ്യാപകരുടെ
യാത്രയാണ് ഇപ്പോൾ വൈറലായിരിക്കയാണ്.
ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ വീട്ടിൽ ആഴ്ചയിലൊരിക്കലും ഒമ്പത് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ വീട്ടിൽ രണ്ട് തവണയുമാണ് അദ്ധ്യാപകരെത്തുക.
രാജസ്ഥാനിൽ 75 ലക്ഷത്തോളം കുട്ടികൾക്ക് മൊബൈൽ ഇല്ലെന്നാണ് വിവരം.
തുടർന്നാണ് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകരോട് ആഴ്ചയിൽ രണ്ടുതവണ വീതം വിദ്യാർത്ഥികളുടെ വീട്ടിലെത്തി ക്ളാസെടുക്കാൻ നിർദ്ദേശിച്ചത്.