pinarayi

തിരുവനന്തപുരം: കൊവിഡ് മരണങ്ങളുടെ റിപ്പോർട്ടിം​ഗ് അനായാസമായി ചെയ്യാനാവില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിക്ക സംസ്ഥാനത്തെക്കാളും മെച്ചപ്പെട്ട രീതിയിൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് ഐ.സി.എം.ആർ പഠനം തെളിയിക്കുന്നു. മദ്ധ്യപ്രദേശിൽ മേയ് മാസം നടത്തിയ പഠനത്തിൽ 2019 ലേതിനേക്കാൾ 1.33 ലക്ഷം അധികം മരണം നടന്നു. എന്നാൽ 2461 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

അത്തരം പ്രശ്നം കേരളത്തിലില്ല. കൊവിഡിന്‍റെ ആദ്യ തരംഗ കാലത്ത് ഇന്ത്യയിലൊന്നാകെ 21 പേരിൽ രോഗം ഉണ്ടാകുമ്പോഴാണ് ഒരു കേസ് കണ്ടെത്തിയത്. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ 30 കേസുകളിൽ ഒന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കേരളത്തിൽ മൂന്ന് കേസുകളുണ്ടാവുമ്പോൾ ഒന്ന് റിപ്പോർട്ട് ചെയ്തു. ആ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനയ്ക്ക് അനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. രോഗികളുടെ എണ്ണം കൂടിയ അവസരത്തിലും കൊവിഡ് ആശുപത്രികളിലും ഐസിയുകളിലും രോഗികൾക്ക് ഉചിതമായി ചികിത്സ നൽകാനായെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ആശുപത്രി കിടക്കകളിൽ 70 ശതമാനത്തിലധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല. 90 ശതമാനത്തിലേറെ രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകി. മറ്റൊരു സംസ്ഥാനത്തിനും ഈ നേട്ടമില്ല. കാസ്പിൽ ചേർന്ന 282 സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചു. സർക്കാർ-സ്വകാര്യ മേഖലകൾ സഹകരിച്ച് കൊവിഡിനെ നേരിടുന്നുണ്ട്. രണ്ടാം തരംഗത്തിൽ രോഗസാദ്ധ്യതയുള്ളവർ സംസ്ഥാനത്ത് കൂടുതലായിരുന്നു. അതുകൊണ്ടാണ് രോഗികളുടെ എണ്ണം വർദ്ധിച്ചതെന്നും ടെസ്റ്റിം​ഗ് ഗണ്യമായി വർദ്ധിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.