gfggfgf

റിയാദ്: സൗദിയിൽ നടപ്പിലാക്കി വരുന്ന സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യക്കാരെ നിയമിക്കുന്നതിൽ നിയന്ത്രണം വരുന്നു. സൗദി തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശമനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യക്കാരുടെയും ബംഗ്ലാദേശികളുടെയും എണ്ണം 40 ശതമാനത്തിൽ കൂടാൻ പാടില്ല. യമൻ, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ 25 ശതമാനത്തിൽ കൂടുതൽ പാടില്ലെന്നും നിർദേശമുണ്ട്.

പുതിയ തീരുമാനം അനുസരിച്ച് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ സ്ഥാപനങ്ങൾക്കു നോട്ടിസ് നല്കി തുടങ്ങി. അതേ സമയം നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പുതിയ നിയമം ബാധിക്കില്ല. അവരുടെ വിസ പുതുക്കുന്നതിനും തടസ്സമില്ല. നിശ്ചിത അനുപാതത്തിൽ കൂടുതൽ ജീവനക്കാരുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്ഥാപനങ്ങളിലേക്ക് ജോലിയ്ക്കായി പുതിയ വിസ എടുക്കാൻ അനുമതി ലഭിക്കില്ല. ഇതിന് പകരമായി പുതിയൊരു രാജ്യത്ത് നിന്നുള്ള പൗരനെ നിയമിക്കുകയെന്നതാണ് ഒരേയൊരു പോംവഴി. ജോലി അന്വേഷിച്ച് വിദേശത്തേക്ക് പോകാനിരിക്കുന്ന നിരവധി ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം.

സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത് മൂലം നിരവധി ഇന്ത്യക്കാർക്കു ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ സ്ഥാപനങ്ങളിലും ഇന്ത്യക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ നിർദ്ദേശം.