p-k-warrier

കോഴിക്കോട്​: നൂറു പൂർണചന്ദ്രൻമാരെ കണ്ടുമടങ്ങിയെങ്കിലും ആയുർവേദാചാര്യൻ പി.കെ.വാര്യരുടെ കണ്ണുകൾ ഇനിയും വെളിച്ചം പരത്തും. വാര്യരുടെ ആഗ്രഹമനുസരിച്ച്​ രണ്ട് കണ്ണുകളും ദാനം ചെയ്​തു. വർഷങ്ങൾക്ക്​ മുമ്പ്​ നേത്ര ശസ്​ത്രക്രിയയ്ക്കായി കോഴിക്കോട്​ കോംട്രസ്​റ്റ്​ ആശുപത്രിയിൽ എത്തിയപ്പോഴാണ്​ ​മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചതും ആശുപത്രിക്ക്​ സമ്മതപത്രം ഒപ്പിട്ടു നൽകിയതും. നേത്രശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രി വിടുമ്പോൾ അന്നത്തെ കോംട്രസ്റ്റ് മെഡിക്കൽ ഡയറക്ടറായിരുന്ന ഡോ. ലൈലാ മോഹന് ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റ് സമ്മാനിച്ച് അനുഗ്രഹിച്ചായിരുന്നു മടക്കം.

ഇന്നലെ അദ്ദേഹത്തിന്റെ മരണ വിവരമറിഞ്ഞ കോംട്രസ്​റ്റ്​ ആശുപത്രിയിലെ ഡോ. നിഷ വസന്തിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടക്കലിലെ വീട്ടിലെത്തി കണ്ണുകൾ ശേഖരിച്ചു. ആയിരക്കണക്കിന്​ രോഗികളുടെ ജീവിതത്തിന്​ വെളിച്ചമായി നിന്ന വൈദ്യശ്രേഷ്​ഠന്റെ കണ്ണുകൾ ഇനി രണ്ടുപേരുടെ ജീവിതത്തിന്​ വെളിച്ചം പകരും. പ്രായം നേത്രദാനത്തിന്​ തടസ്സമല്ലെന്ന സന്ദേശമാണ്​ വാര്യരുടെ തീരുമാനത്തിലൂടെ സമൂഹത്തിന്​ നൽകിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.