ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ കുറവ് മൂലം ബാധിക്കുന്ന രോഗമാണ് അനീമിയ അഥവാ വിളർച്ച. ക്ഷീണം, ഓർമക്കുറവ്, പേശികളിൽ വേദന, നെഞ്ചെരിച്ചിൽ, തലകറക്കം, കിതപ്പ്, കാലുകളിൽ നീര്, അമിത വിയർപ്പ്, മുടി കൊഴിച്ചിൽ, തൊലിപ്പുറത്തെ വരൾച്ച തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ആർത്തവ സംബന്ധമായ പ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ, അൾസർ, പൈൽസ് എന്നീ രോഗങ്ങൾ ഉള്ളവർക്കും രക്തക്കുറവുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ഇരുമ്പ് സത്ത് ധാരാളമായി അടങ്ങിയ പച്ചക്കറികൾ, ഇലക്കറികൾ, ഇറച്ചി, മത്സ്യം, മുട്ട, പയർ വർഗങ്ങൾ, മാതളം, തവിടോടുകൂടിയ ധാന്യങ്ങൾ എന്നിവ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കും. വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പ് സത്തിനെ ആഗിരണം ചെയ്യുന്നതിനാൽ ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവയും ധാരാളമായി കഴിക്കാം. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം.