തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നന്തൻകോട് നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ആലപ്പുഴ എൻ.ഐ.വിയിൽ നടത്തിയ പരിശോധനയിലാണ് 40കാരന് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ആദ്യഘട്ടമായി അയച്ച 17 സാമ്പിളുകൾ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രണ്ടാംഘട്ടമായി അയച്ച 27 സാമ്പിളുകളിലാണ് ഒരാൾക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 15 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ ലാബുകളോട് സിക്ക സംശയമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിൽ പനി ക്ലിനിക്കുകൾ ഉറപ്പാക്കാനും നിർദേശമുണ്ട്. ഈഡിസ് ഈജിപ്തി വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് വൈറസ് പരത്തുന്നത്. സിക്ക വൈറസ് ഗർഭിണികളെ ഗുരുതരമായി ബാധിക്കും. അതിനാൽ ഗർഭിണികൾ ആദ്യ നാല് മാസത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.