gg

തിബിലിസി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ജോര്‍ജിയയിലെത്തിയ കേന്ദ്രവിദേശകാര്യമന്ത്രി 17ാം നൂറ്റാണ്ടിൽ ജോർജിയ ഭരിച്ചിരുന്ന കെറ്റവൻ രാജ്ഞിയുടെ ഭൗതികാവശിഷ്ടങ്ങൾ ജോര്‍ജിയന്‍ വിദേശകാര്യമന്ത്രി ഡി സല്‍ക്കലിയാനിക്ക് കൈമാറി.ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ പാത്രിയാര്‍ക്കിസ് ഇലിയ രണ്ടാമനും ജോര്‍ജിയന്‍ പ്രധാനമന്ത്രി ഇറാക്ക്‌ലി ഗാരിബാഷ്വിലിയുമുണ്ടായിരുന്നു. ഗോവയിലെ സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റില്‍ നിന്ന് 2005 ല്‍ കണ്ടെത്തിയ ഭൗതികാവശിഷ്ടമാണ് ജയശങ്കര്‍ കൈമാറിയത്.

ജോര്‍ജിയുടെ അഭ്യര്‍ഥന മാനിച്ചും ജോര്‍ജിയയിലെ ജനങ്ങള്‍ക്ക് മതപരമായും ആത്മീയപരമായും വിശുദ്ധ രാജ്ഞി കെറ്റെവനോടുള്ള ബന്ധം കണക്കിലെടുത്തും ഭൗതികാവശിഷ്ടം ജോര്‍ജിയയ്ക്ക് കൈമാറാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ജോര്‍ജിയയിലെ ജനങ്ങള്‍ക്ക് തിരുശേഷിപ്പുകള്‍ കൈമാറാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും വികാരനിര്‍ഭരമായ സന്ദര്‍ഭമായിരുന്നുവെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

കെറ്റവൻ രാജ്ഞിയുടെ ഭൗതികാവശിഷ്ടവുമായി ജോര്‍ജിയന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറിനെ സ്വാഗതം ചെയ്യാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടനാണെന്നും ഈ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും ജോർജ്ജിയൻ വിദേശകാര്യ മന്ത്രി ഡി സല്‍ക്കലിയാനി ട്വിറ്ററില്‍ കുറിച്ചു.