mvd-kerala

പത്തനംതിട്ട: രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് 1,03,000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ നമ്പറുമില്ലാതെ വാഹനം കൈമാറിയ തിരുവല്ലയിലെ ഒരു മാരുതി ഡീലര്‍ഷിപ്പിനാണ് ഭീമമായ തുക ഫെെൻ നൽകിയത്. ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലംഘനത്തിന് ഒരുലക്ഷം രൂപയും വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിന് 3000 രൂപയും വീതമാണ് പിഴ ഈടാക്കിയത്.

രജിസ്റ്റർ ചെയ്യാതെയും അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും വാഹനങ്ങൾ ഡെലിവറി നടത്തുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടർന്ന് കര്‍ശന പരിശോധന നടത്താന്‍ സംസ്ഥാനത്തെ എല്ലാ ആര്‍.ടി.ഒമാര്‍ക്കും ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനക്കിടയിലാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ നമ്പരും ഇല്ലാത്ത പുതിയ വാ​ഗണർ വന്നു പെട്ടത്.

പിന്നാലെ, ഉദ്യോ​ഗസ്ഥർ വാഹനം പിടിച്ചെടുക്കുകയും ഡീലർക്ക് പിഴ ചുമത്തുകയുമായിരുന്നു. പുതിയ നിയമം അനുസരിച്ച് വാഹനം രജിസ്റ്റര്‍ ചെയ്‍ത് ഉടമകള്‍ക്ക് കൈമാറേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്. പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ നിന്നു തന്നെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി. സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത് ഷോറൂമുകളില്‍നിന്ന് ഓണ്‍ലൈനായാണുതാനും. ഇക്കാര്യങ്ങളെപ്പറ്റി ചില വാഹന ഉടമകൾക്ക് വ്യക്തമായ ധാരണയില്ലാത്തത് മുതലെടുക്കുകയാണ് പലപ്പോഴും ഡീലർമാർ.