rss-vhp

ജയ്പൂർ: എല്ലാ ഇന്ത്യക്കാരുടേയും ഡി.എൻ.എ ഒരേപോലെയാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭ​ഗവതിന്റെ അഭിപ്രായം തളളി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സാദ്വി പ്രാച്ചി. ബീഫ് കഴിക്കുന്നവരുടെ ഡി.എൻ.എ ഒരിക്കലും ഹിന്ദുക്കൾക്കിടയിൽ കണ്ടെത്താൻ കഴിയില്ലെന്ന് അവർ പ്രതികരിച്ചു. ജനസംഖ്യ നിയന്ത്രണത്തിനായി നിയമം കൊണ്ടുവരാനും രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്നും സ്വാദ്വി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ദൗസയിൽ ഒരു പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു സ്വാദ്വി വിവാദ പരാമർശങ്ങൾ നടത്തിയത്. ഒരു പക്ഷേ ഇന്ത്യയിലെ ആളുകൾ ഒരേ ഡി.എൻ.എ പങ്കുവച്ചേക്കാം. പക്ഷേ, ഗോ മാംസം കഴിക്കുന്നവരുടെ ഡി.എൻ.എ ഒരിക്കലും നമ്മുടെ ഇടയിൽ കണ്ടെത്താൻ കഴിയില്ല എന്നും അവർ പറഞ്ഞു. രാജ്യത്തെ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സംസാരിച്ച സ്വാദ്വി, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് പാർലമെന്റിൽ നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ടു.

രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകൾക്ക് സർക്കാർ സൗകര്യങ്ങൾ നിർത്തണമെന്നും അതുപോലെ തന്നെ വോട്ടവകാശം എടുത്ത് മാറ്റണമെന്നും അവർ പറഞ്ഞു. നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ടെന്നത് പ്രശ്നമല്ല, രണ്ട് കുട്ടികൾ മാത്രമേ ഉണ്ടാകാവൂ. ലവ് ജിഹാദിന്റെ പേരിൽ രാജസ്ഥാനിൽ പെൺകുട്ടികളെ വഞ്ചിക്കുകയും പരിവർത്തനം ചെയ്യുകയും ചെയ്യുന്നു. വോട്ട് രാഷ്ട്രീയം ഉപേക്ഷിച്ച് ഹിന്ദു പെൺമക്കളെ രക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്വാദ്വി പറഞ്ഞു.

മോഹൻ ഭ​ഗവതിന്റെ ഡി.എൻ.എ പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ ഈ ആശയം നിങ്ങളുടെ ശിഷ്യൻമാർക്കും, പ്രചാരകൻമാർക്കും, വിശ്വഹിന്ദു പരിഷദ്/ബജ്രം​ഗിദൾ പ്രവർത്തകർക്കും മോദി-ഷാ എന്നിവർക്കും നൽകുമോ എന്ന ചോദ്യവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് ദിഗ് വിജയ് സിം​ഗ് രം​ഗത്തെത്തിയിരുന്നു. ഇക്കാര്യം ബി.ജെ.പി. നേതാക്കളെ ബോദ്ധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഞാന്‍ താങ്കളുടെ ആരാധകനായി മാറുമെന്നും സിം​ഗ് പറഞ്ഞിരുന്നു.