ലക്നൗ: ഉത്തർപ്രദേശിലെ ബ്ലോക്ക് പഞ്ചായത്തുകൾ എൻ ഡി എ സഖ്യം തൂത്തുവാരി.തിരഞ്ഞെടുപ്പുനടന്ന 825 ബ്ലോക്കുപഞ്ചായത്തുകളിൽ 635 സീറ്റുകളാണ് സംഖ്യം നേടിയത്. ലക്‌നൗ, കനൗജ് എന്നിവിടങ്ങളിലെ ബ്ലോക്ക് പഞ്ചായത്തുകൾ പൂർണമായും ബി ജെ പി നേടി. മൊറാദാബാദിൽ ആറ് സീറ്റുകളും, ഭദോഹിയിൽ മൂന്ന് സീറ്റുകളും ബി ജെ പി നേടി. സമാജ്‌വാദി പാർട്ടിയുടെ കോട്ടയായിരുന്ന അസംഗഢ് പിടിച്ചെടുത്തു. ഇവിടെയുള്ള ഇരുപത്തിരണ്ടു സീറ്റുകളിൽ പന്ത്രണ്ട് സീറ്റുകളാണ് എൻ ഡി എ സഖ്യം നേടിയത്. കോൺഗ്രസിന് പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് ആകെ ലഭിച്ചതെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതികളും നയങ്ങളും വിജയകരമായി നടപ്പാക്കിയതാണ് സംസ്ഥാനത്തെ ഉജ്ജ്വലവിജയത്തിന് കാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഉജ്ജ്വവിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. 'സർക്കാരിന്റെ നയങ്ങളിൽ നിന്നും പൊതുതാൽപര്യ പദ്ധതികളിൽ നിന്നും ജനങ്ങൾക്ക് ലഭിച്ച നേട്ടങ്ങൾ പാർട്ടിയുടെ വൻ വിജയത്തിലൂടെ പ്രതിഫലിച്ചു. എല്ലാ പാർട്ടി പ്രവർത്തകരും ഈ വിജയത്തിന് അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
സംസ്ഥാന നിയമസഭയിലേക്ക് ഉടൻ നടക്കുന്ന തിരഞ്ഞെടുപ്പിലും യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ എത്തുമെന്നുള്ള സർവേഫലങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തിലെ മിന്നും ജയം പാർട്ടിക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നുനൽകും.