കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുക്കുമെന്ന താലിബാന്റെ അവകാശവാദത്തിനിടെ അമ്പതോളം നയതന്ത്രജ്ഞരെയും കണ്ഡഹാർ കോൺസുലേറ്റിലെ മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഇന്ത്യ ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ.താലിബാൻ ഈ മേഖലയിലെയും പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ പ്രധാന മേഖലകളുടെയും നിയന്ത്രണം അതിവേഗം പിടിച്ചെടുക്കുന്നത് വലിയ സുരക്ഷാ ആശങ്കകൾക്ക് കാരണമായ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം എന്നാണ് സൂചന.
കണ്ഡഹാറിലെയും മസാര് ഇഷെരീഫിലെയും എംബസിയും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് കാബൂളിലെ ഇന്ത്യൻ എംബസി ചൊവ്വാഴ്ച അറിയിച്ചിരുന്നു.അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും ഇന്ത്യ ശ്രദ്ധാപൂർവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാൻ സന്ദർശിക്കുന്നവരും, താമസിക്കുന്നവരും, ജോലി ചെയ്യുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കഴിഞ്ഞയാഴ്ച ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഫ്ഗാനിലെ 'എന്നന്നേക്കുമുളള യുദ്ധം' അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. അമേരിക്ക സേനയെ പിൻവലിച്ചതോടെ താലിബാൻ വൻ മുന്നേറ്റമാണ് രാജ്യത്ത് നടത്തുന്നത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർച്ചയായ തീവ്രവാദ ആക്രമണങ്ങൾക്കാണ് അഫ്ഗാനിസ്ഥാൻ സാക്ഷ്യം വഹിച്ചത്.