ന്യൂഡൽഹി: ട്വിറ്റർ ഇന്ത്യയുടെ റെസിഡഡന്റ് ഗ്രീവൻസ് ഓഫീസറായി വിനയ് പ്രകാശിനെ നിയമിച്ചു. ഇന്ത്യയിൽ ഒരു ലൈസൻസ് ഓഫീസ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ഡൽഹി ഹൈക്കോടതിയെ ട്വിറ്റർ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് നിയമനം നടത്തിയത്. .
എട്ട് ആഴ്ചയ്ക്കുള്ളിൽ ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ കോൺടാക്റ്റ് പേഴ്‌സൺ എന്നിവരെ നിയമിക്കുമെന്നാണ് ട്വിറ്റർ കോടതിയെ അറിയിച്ചിരുന്നത്. ഇന്ത്യയിലെ പുതിയ ഐ ടി നിമയങ്ങൾ അനുസരിക്കാൻ തയ്യാറാകാതെ കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്ന ട്വിറ്റർ കൂടതൽ വഴങ്ങുന്നതിന്റെ സൂചനയായാണ് പുതിയ നിയമനത്തെ കണക്കാക്കുന്നത്. ഉദ്യോഗസ്ഥരുടെ നിയമനത്തിന് സര്‍ക്കാര്‍ സമയം നല്‍കിയിട്ടും നിയമങ്ങള്‍ പാലിക്കാത്ത നടപടിക്കെതിരെ ഹൈക്കോടതി ട്വിറ്ററിനെ വിമര്‍ശിച്ചിരുന്നു.
മേയ് 26 നും ജൂൺ 25 നും ഇടയിൽ 87 അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി സ്വീകരിച്ചതായി ട്വിറ്റർ അറിയിച്ചു. അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡുചെയ്ത 56 പരാതികൾ പരിഹരിച്ചിട്ടുണ്ട്. ഏഴ് അക്കൗണ്ട് സസ്പെൻഷനുകൾ അസാധുവാക്കിയെന്നും ട്വിറ്റർ കോടതിയെ അറിയിച്ചു. ഒരു മാസത്തിനുള്ളിൽ ദുരുപയോഗവും ഉപദ്രവവും സംബന്ധിച്ച ആറ് പരാതികൾ ലഭിച്ചതായും കുട്ടികളുടെ ലൈംഗിക ചൂഷണം, സമ്മതമില്ലാത്ത നഗ്നത എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള 18,385 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും ട്വിറ്റർ അറിയിച്ചു. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്ത 4,179 അക്കൗണ്ടുകളും എടുത്തുമാറ്റുകയും ചെയ്തതെന്നും കോടതിയിൽ വ്യക്തമാക്കി. 50 ലക്ഷത്തിലധികം ഉപയോക്താക്കളാണ് ട്വിറ്ററിന് ഇന്ത്യയിലുള്ളത്. .
അതേസമയം ഗാസിയാബാദിൽ വൃദ്ധയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ച കേസിൽ പൊലീസിനുമുന്നിൽ ഹാജരാകാതെ ട്വിറ്റർ ഒളിച്ചുകളിക്കുകയാണെന്ന് കർണാടക ഹൈക്കോടതിയെ ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. ഗാസിയാബാദ് ലോനി ബോർഡർ പൊലീസ് അയച്ച നോട്ടീസിനെ ചോദ്യം ചെയ്ത് ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരി നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് ഉത്തർപ്രദേശ് പൊലീസ് ഇക്കാര്യം അറിയിച്ചത്.