argentina

ബ്രസീലിനെ കീഴടക്കി അർജന്റീനയ്ക്ക് കോപ്പ അമേരിക്ക ഫുട്ബാൾ കിരീടം

റിയോ ഡി ജനീറോ: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരെ ഇരുപക്ഷത്തേക്കുമാക്കി, ഓരോ നീക്കത്തിലും ഉദ്വേഗം നിറച്ച ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചിരവൈരികളായ ബ്രസീലിനെ കീഴടക്കി കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് ലയണൽ മെസിയുടെ അർജന്റീന. മറഡോണയു‌ടെ പിന്മുറക്കാർ ലോക ഫുട്ബാളിൽ 28 കൊല്ലമായി അനുഭവിക്കുന്ന കിരീടമില്ലാ വേദനയിൽ നിന്ന് ഇതോടെ മുക്തി നേടി. ക്ളബ് ഫുട്ബാളിലെ കിരീടക്കൊയ്ത്തിനപ്പുറത്ത് സ്വന്തം രാജ്യത്തിന്റെ കുപ്പായത്തിൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെന്ന മെസിയുടെ സങ്കടവും മാറക്കാന സ്റ്റേഡിയത്തിൽ അലിഞ്ഞില്ലാതായി.

വീറും വാശിയും ആകാംക്ഷയും ഒരു പരിധിവരെ പരുക്കൻ അടവുകളും കളം നിറഞ്ഞ കലാശക്കളിയുടെ 22-ാം മിനിട്ടിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. സ്വന്തം ബോക്സിൽ നിന്ന് റോഡ്രിഗോ ഡി പോൾ നീട്ടിനൽകിയ പന്ത് ബ്രസീലിയൻ പ്രതിരോധത്തിന്റെ നോട്ടക്കുറവ് മുതലെ‌ടുത്ത് മുന്നോട്ടോടിക്കയറിയ ഗോളിക്ക് മുകളിലൂടെ ലോബ് ചെയ്ത് വലകുലുക്കുകയായിരുന്നു ഡി മരിയ. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ പലകുറി ശ്രമിച്ച ബ്രസീലിനെ കമ്പോട് കമ്പ് തടുത്ത പ്രതിരോധവും കിടിലൻ സേവുകൾ നടത്തിയ ഗോളി എമിലിയാനോ മാർട്ടിനെസും തടഞ്ഞുനിറുത്തി, മെസിയു‌ടെ സ്വപ്നം സാക്ഷാത്കാരത്തിന് അരങ്ങൊരുക്കി. അവസാന സമയത്ത് ഗോളി മാത്രം മുന്നിൽനിൽക്കെ തനിക്ക് കിട്ടിയ അവസരം പാഴാക്കിയില്ലായിരുന്നുവെങ്കിൽ ഫൈനലിലെ ഗോൾ സ്കോറർ പട്ടികയിൽ മെസിയുടെ പേരുണ്ടാകുമായിരുന്നു.

തോറ്റുപോയ ബ്രസീലിനെ റണ്ണേഴ്സ് അപ്പ് മെഡൽ ഏറ്റുവാങ്ങാൻ ഗാർഡ് ഒഫ് ഓണർ നൽകി യാത്രയാക്കിയ അർജന്റീനിയൻ ടീമും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വന്ന ബ്രസീലിയൻ ക്യാപ്ടൻ നെയ്മറിനെ ചേർത്തുപിടിച്ച് ആശ്ളേഷിച്ച് ആശ്വാസവാക്കുകളോതിയ മെസിയും കാത്തിരിപ്പിനൊടുവിൽ കിട്ടിയ കനക കിരീടത്തിന്റെ സന്തോഷപ്രകടനത്തിനപ്പുറം ജനമനസുകളിൽ ഇടംപിടിച്ചു.

വീറോടെ ഇംഗ്ളണ്ടും ഇറ്റലിയും

ഞായറാഴ്ച പുലർച്ചെ കോപ്പയിൽ അർജന്റീന മുത്തമിട്ടപ്പോൾ അർദ്ധരാത്രിയോടെ യൂറോ കപ്പിൽ ഇംഗ്ളണ്ടും ഇറ്റലിയും തമ്മിലുള്ള ഫൈനലിന് കൊടിയേറ്റമായി. ഇന്ത്യൻ സമയം രാത്രി 12.30 ന് ഇംഗ്ളണ്ടിന്റെ തട്ടകമായ വെംബ്ളി സ്റ്റേഡിയത്തിലാണ് കലാശക്കളിക്ക് ഫസ്റ്റ് വിസിൽ മുഴങ്ങിയത്.

ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും വെന്നിക്കൊടി പാറിച്ചാണ് ഇറ്റലി കലാശക്കളിക്ക് ടിക്കറ്റെടുത്തത്. സെമിഫൈനലിൽ മുൻ ചാമ്പ്യന്മാരായ സ്പെയ്നിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി മറികടന്നത്. ഇംഗ്ളണ്ട് ഗ്രൂപ്പ് റൗണ്ടിൽ സ്കോട്ട്ലാൻഡിനോട് സമനില വഴങ്ങിയതൊഴിച്ചാൽ മറ്റു മത്സരങ്ങളിലെല്ലാം വിജയം നേടി. സെമിയിൽ ഡെന്മാർക്കിന്റെ വെല്ലുവിളിയാണ് അധികസമയത്ത് മറിക‌ടന്നത്. ആദ്യമായാണ് ഇംഗ്ളണ്ട് യൂറോ കപ്പിന്റെ ഫൈനലിൽ കളിക്കുന്നത്.