surendran

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പട്ടികജാതി ക്ഷേമഫണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സി പി എം നേതാക്കൾ തട്ടിയെടുക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. തിരുവനന്തപുരത്തെ ഒരു എസ് സി പ്രമോട്ടറെ സ്വാധീനിച്ച് ഡി വൈ എഫ്ഐ സംസ്ഥാന സമിതി അം​ഗം ഫണ്ട് തട്ടിയത് ഇതിന്റെ ഉദാഹരണമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

'ഡി വൈ എഫ്ഐ സംസ്ഥാന സമിതി അംഗത്തിൻ്റെ അമ്മയുടേയും അച്ഛൻ്റെയും അക്കൗണ്ടിലേക്ക് ട്രഷറി വഴി പണം എത്തിയെന്ന് എസ് സി പ്രമോട്ടർ പരാതി നൽകിയിട്ടും സർക്കാർ അവഗണിച്ചു. 2016 മുതൽ പണം വരുന്നുണ്ടെങ്കിലും ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. പാവപ്പെട്ട പട്ടികജാതിക്കാർക്ക് കിട്ടേണ്ട പണം അക്കൗണ്ട് നമ്പർ മാറ്റി സിപിഎമ്മുകാർ തട്ടിയെടുക്കുകയാണ്. ഈ കേസിൽ പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും അവരുടെ അനാസ്ഥ കാരണം പ്രതികൾക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരത്തേത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. കേരളത്തിലെ എല്ലാ നഗരസഭകളിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. എസ് സി പ്രമോട്ടർമാർ വഴിയാണ് അഴിമതി നടക്കുന്നത്. പട്ടികജാതി-പട്ടികവർ​ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന എകെ ബാലന് അഴിമതിയുടെ കാര്യങ്ങൾ നേരത്തെ അറിയാമായിരുന്നെങ്കിലും അദ്ദേഹം കണ്ണടച്ചു -സുരേന്ദ്രൻ പറഞ്ഞു.

'സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. പഠനത്തിനും മറ്റു കാര്യത്തിനുമായി പട്ടികജാതി വിഭാഗത്തിന് കിട്ടേണ്ട പണം സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത് ഉന്നത നേതാക്കൾ അറിഞ്ഞിട്ടും അഴിമതി മറച്ചുവച്ചു. ഈ കേസിൽ സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രി ഇടപെട്ട് എന്താണ് നടന്നതെന്ന് വിശദീകരിക്കണം. കേന്ദ്ര-സംസ്ഥാന പട്ടികജാതി കമ്മീഷനുകൾ പ്രശ്നത്തിൽ ഇടപെടണം. ട്രഷറി ഉദ്യോഗസ്ഥർക്കും പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

'സ്വർണക്കടത്ത് കേകേസിൽ പ്രതിയായ സരിത്തിനെ കൊണ്ട് ബിജെപി നേതാക്കൾക്കെതിരെ മൊഴി കൊടുക്കാൻ നിർബന്ധിച്ചത് ജയിൽ സൂപ്രണ്ടാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ജയിൽ വകുപ്പിലാണ് അധികാര ദുർവിനിയോ​ഗം നടന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ്റെ മുമ്പിൽ കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉൾപ്പെടെ ബിജെപി-കോൺഗ്രസ് നേതാക്കളുടെ പേര് വരുത്താനാണ് ശ്രമം. നീചമായ കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ജയിലിൽ പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉത്തരവാദികൾ ജയിൽവകുപ്പാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.