ഘാന: മരണത്തെ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ് ആഫ്രിക്കക്കാർ. അതെങ്ങനെ എന്നല്ലേ? ആഫ്രിക്കയിലെ ഘാനയിൽ മൃതദേഹം സംസ്‌കരിക്കാൻ ഉപയോഗിക്കുന്നത് പല രൂപങ്ങളിലുള്ള ശവപ്പെട്ടികളാണ്. ചിത്രപ്പണികളുള്ള ശവപ്പെട്ടികൾ പലപ്പോഴും മരിച്ചയാളുടെ ഇഷ്ടങ്ങങ്ങളെ അനുസരിച്ചിരിക്കും. സിംഹം, ആന, പുലി, ക്രിക്കറ്റ്ബാറ്റ്, ഫ്ളൈറ്റ്, നോക്കിയ ഫോൺ, നിക്കോൺ കാമറ,കൊക്കോക്കോള, കൈതച്ചക്ക തുടങ്ങി വിവിധ രൂപത്തിലും നിറങ്ങളിലുമുള്ള പെട്ടികളാണ് ഒരുക്കുക. പരേതനോട് ഏറ്റവും ആദരവ് കാണിക്കണമെന്നും അവർ അർഹിക്കുന്ന രീതിയിലുള്ള സംസ്കാരം ആഗ്രഹമുള്ളതും കൊണ്ടാണ് ഇത്തരത്തിൽ വ്യത്യസ്തമായ ശവപ്പെട്ടികളുണ്ടാക്കുന്നത്. പരേതന്റെ ജോലി, സാമൂഹികാവസ്ഥ ഇവയെല്ലാം നോക്കിയാണ് ശവപ്പെട്ടികൾ തയ്യാറാക്കുക.
ലോകത്തിൽ ഏറ്റവുമധികം കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഘാന. അതുകൊണ്ട് തന്നെ ഉൾഗ്രാമങ്ങളിലെ മനുഷ്യർ ജീവിതകാലം മുഴുവൻ ജോലി ചെയ്ത് സമ്പാദിക്കുന്ന പണം കൊക്കോയുടെ ആകൃതിയിലുള്ള ശവപ്പെട്ടി നിർമ്മിക്കാനായി നൽകാറുണ്ട്. അമ്പതിനായിരത്തിന് മുകളിലാണ് ഇത്തരം ശവപ്പെട്ടികൾക്ക് വില. കർഷകരെ സംബന്ധിച്ച് ഈ തുക വളരെ വലുതാണ്. മിക്കപ്പോഴും ഒരാളുടെ ജോലിയുമായി ബന്ധപ്പെട്ടതോ, സ്വഭാവവുമായി ബന്ധപ്പെട്ടതോ, സോഷ്യൽ സ്റ്റാറ്റസുമായി ബന്ധപ്പെട്ടതോ ആയ ശവപ്പെട്ടിയായിരിക്കും ഉണ്ടാക്കുക. ഉദാഹരണത്തിന് നല്ല ചുവന്ന നിറത്തിലുള്ള മുളകിന്റെ ആകൃതിയിലാണ് പെട്ടിയെങ്കിൽ മരിച്ച ആൾ ഹോട്ടും ഒരൽപ്പം ധിക്കാരിയും ആയിരിക്കും. മെഴ്സിഡസ് ബെൻസിന്റെ രൂപത്തിലാണ് ശവപ്പെട്ടിയെങ്കിൽ മരിച്ചയാൾ പണക്കാരനായിരിക്കും. വിമാനത്തിന്റെ ആകൃതിയിലാണ് ശവപ്പെട്ടിയെങ്കിൽ അത് കുഞ്ഞുങ്ങൾക്കുള്ളതായിരിക്കും. മരണശേഷവും സുഖമായി യാത്ര ചെയ്യട്ടെ എന്നതാണത്രേ അർത്ഥം.