block-pramukh-election

ലക്നൗ : യു.പി ബ്ലോക്ക് പ്രമുഖ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ 825ൽ 635 സീറ്റുകളിലും ബി.ജെ.പി പിന്തുണച്ച സ്ഥാനാർത്ഥികൾ വിജയിച്ചതായി റിപ്പോർട്ട്. അതേ സമയം തിരഞ്ഞെടുപ്പിൽ വ്യാപക അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കല്ലേറും, ബോംബാക്രമണവും കൂടാതെ വനിതാ സ്ഥാനാര്‍ഥികളെ റോഡില്‍ വലിച്ചിഴക്കുന്നതടക്കം റിപ്പോർട്ട് ചെയ്തു.പ്രതിപക്ഷമായ

സമാജ്‌വാദി പാർട്ടി 70 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസ് പിന്തുണക്കുന്ന രണ്ട് സ്ഥാനാർത്ഥികൾക്ക് മാത്രമേ വിജയിക്കാനായുള്ളൂ. 95 സ്വതന്ത്രരും വിജയിച്ചു.

349 ഓളം ബ്ലോക്ക് പ്രമുഖുകൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.ജൂലായ് മൂന്നിന് നടന്ന ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ തിരഞ്ഞെടുപ്പും ബി.ജെ.പി തൂത്തുവാരിയിരുന്നു.അതേസമയം, ഭരണകക്ഷിയായ ബി.ജെ.പി ചരിത്ര വിജയമെന്ന് വിശേഷിപ്പിച്ച തിരഞ്ഞെടുപ്പിൽ വ്യാപകമായ അട്ടിമറിയും കൃത്രിമവും നടന്നതായി സമാജ്‌വാദി പാർട്ടി ആരോപിച്ചു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഏറെ നിര്‍ണായകമാണ്.