deigo-messi

മാറക്കാന മൈതാനത്തിന്റെ മേലേ മേഘക്കൂട്ടങ്ങൾക്കിടയിൽ മാലാഖമാർക്കൊപ്പമിരുന്ന മറഡോണയുടെ മിഴികൾ നിറഞ്ഞിട്ടുണ്ടാകാം, ഒരുവേള അയാളിലെ പഴയ ഉന്മാദി പുനർജ്ജനിച്ചിട്ടുണ്ടാകാം ; താഴെ ഭൂമിയിൽ തന്റെ പിൻഗാമി രാജ്യത്തിനായി നേടിയ ആദ്യ കിരീടത്തെ മുത്തങ്ങൾകൊണ്ട് മൂടുമ്പോൾ...'ദൈവത്തിന്റെ കൈ' ഉയർത്തി അനുഗ്രഹിച്ചിട്ടുണ്ടാവാം...

28 വർഷം ലോക ഫുട്ബാളിൽ ഒരു കിരീടം പോലുമില്ലാതെ അലയേണ്ടിവന്ന അർജന്റീന.

ഇക്കാലത്തെ ഏറ്റവും മികച്ച ഫുടബാൾ പ്രതിഭയായി, ബാഴ്സലോണ ക്ളബിനായി കിരീടപ്പെരുമഴ നനയുമ്പോഴും രാജ്യത്തിന്റെ കുപ്പായത്തിൽ കിരീടവരൾച്ചയുടെ കൊടുംവേനലിൽ ഒറ്റപ്പെട്ടുപോയ ലയണൽ മെസി.

ഒരുപാടു പ്രതീക്ഷകളുമായി വന്ന് തല കുമ്പിട്ടു മടങ്ങേണ്ടി വന്ന ലോകകപ്പ് ഉൾപ്പടെയുള്ള ഫൈനലുകൾ...

ഇനി എല്ലാം മറക്കാം. മാറക്കാന സ്റ്റേഡിയത്തിൽ ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുമ്പോൾ അത് കളിയുടെ കാവ്യനീതിയാകുന്നു. രാജ്യത്തിനായി കിരീടങ്ങളേറ്റുവാങ്ങാൻ വിധിയില്ലാത്തവനെന്ന് മുദ്രകുത്തപ്പെട്ട രാജാവിന്റെ പട്ടാഭിഷേകമാകുന്നു. സർവോപരി അത് ഫുട്ബാളിന്റെ സൗന്ദര്യത്തിനുള്ള വാഴ്ത്തുപാട്ടാകുന്നു...