കോഴിക്കോട്: കട്ടിപ്പാറ അമരാട് വനത്തിൽ കുടുങ്ങിയ സഹോദരങ്ങളെ പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. കാസർകോട് സ്വദേശികളായ മുഹമ്മദ്, സഹോദരൻ അബ്ദുള്ള എന്നിവരാണ് വഴിതെറ്റി ഉൾവനത്തിൽ അകപ്പെട്ടത്. താമരശേരിയിലെ ബന്ധുവീട്ടിലെത്തിയ ഇരുവരും ശനിയാഴ്ച കാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വനത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബൈക്കും സൈക്കിളും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
വനാതിർത്തിയിൽ നിന്ന് 15 കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇവർ അകപ്പെട്ടത്. രാത്രി മുതൽ പൊലീസും വനംവകുപ്പ് ദ്രുത കർമ്മ സേനയും ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചെങ്കിലും ഇന്നലെ രാവിലെയോടെയാണ് കണ്ടെത്തിയത്. ശക്തമായ കാറ്റും മഴയും തിരച്ചിലിന് തടസമായി. ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ചതിന് താമരശ്ശേരി പൊലീസും അനധികൃതമായി വനത്തിൽ പ്രവേശിച്ചതിന് വനംവകുപ്പും ഇവർക്കെതിരെ കേസെടുത്തു.