covid

ഡെറാഡൂൺ: കൻവാർ യാത്ര വീണ്ടും കൊവിഡ്​ വ്യാപനത്തിന്​ കാരണമാവുമെന്ന ആശങ്കയുമായി വിദഗ്ദ്ധർ. കൻവാർ യാത്രക്ക്​ അനുമതി നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്​ പുതിയ മുന്നറിയിപ്പ്. കുംഭമേളയെ തുടർന്നുണ്ടായ വ്യാപനത്തേക്കാൾ വലിയ രോഗബാധ കൻവാർ യാത്രയെ തുടർന്നുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ​​. കുംഭമേളയിൽ പ​ങ്കെടുത്തതിനേക്കാൾ ആളുകൾ കൻവാർ യാത്രക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്​. ഇതാണ്​ കോവിഡ്​ വ്യാപനം സംബന്ധിച്ച ആശങ്കക്ക്​ കാരണം.

ഏകദേശം രണ്ട്​ കോടി മുതൽ അഞ്ച്​ കോടി ആളുകൾ കൻവാർ യാത്രയിൽ പ​ങ്കെടുക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കൊവിഡ്​ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും പ്രോ​ട്ടോകോൾ കർശനമായി പാലിക്കേണ്ട സമയമാണിത്​. എന്നാൽ, കൻവാർ യാത്രയുടെ സമയത്ത്​ ഇത്​ പാലിക്കുക പ്രയാസകരമായിരിക്കുമെന്നാണ്​ വിദഗ്ദ്ധർ വ്യക്​തമാക്കുന്നത്​.

രാജ്യം മൂന്നാം തരംഗത്തിന്റെ ഭീഷണിയിൽ നിൽക്കുമ്പോൾ കൻവാർ യാത്രക്ക്​ അനുമതി നൽകുന്നത്​ ശ്രദ്ധയോടെ മാത്രം വേണമെന്ന്​ വിദഗ്ദ്ധർ ആവശ്യപ്പെട്ടു.

നേരത്തെ ഉത്തരാഖണ്ഡ്​ സർക്കാർ‌ കൻവാർ യാത്രക്ക്​ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ കൻവാർ യാത്രക്ക്​ അനുമതി നൽകുകയും തുടർ നടപടികൾ സ്വീകരിക്കാൻ ഉദ്യാഗസ്ഥർക്ക്​ നിർദ്ദേശം നൽകുകയും ചെയ്​തു.