ggg

ബ്രസൽസ്: ഒരേ സമയം കൊവിഡ് വകഭേദങ്ങളായ ആൽഫ,​ ബീറ്റ എന്നിവ ബാധിച്ച 90കാരി മരണമടഞ്ഞു. ബെൽജിയം നഗരമായ അലാസ്റ്റിലാണ് രോഗബാധിതയായ വയോധിക താമസിച്ചിരുന്നത്. ഇവർ വാക്സിനെടുത്തിരുന്നില്ല. രോഗിയിലുള്ള വൈറസ് വകഭേദങ്ങൾ തിരിച്ചറിയാത്തതാണ് മരണകാരണമെന്ന് ബെൽജിയം ഗവേഷകർ അറിയിച്ചു. കൊവിഡ് രോഗികളിൽ ഒന്നിലധികം വകഭേദങ്ങൾ ഒരേ സമയം കണ്ടെത്തുന്നത് അപൂർവമാണ്.

മാർച്ചിലാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് മരണമടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരേ സമയം ആൽഫ, ബീറ്റ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യം രോഗിയിൽ തിരിച്ചറിഞ്ഞത്.

ബെൽജിയത്തിൽ ആ സമയത്ത് രണ്ട് വകഭേദങ്ങളും വ്യാപിച്ചിരുന്നതിനാൽ രോഗിയ്ക്ക് വ്യത്യസ്ത വ്യക്തികളിൽ നിന്ന് രണ്ട് വകഭേദങ്ങളും ബാധിച്ചതായിരിക്കാമെന്ന് കരുതുന്നതായി ആശുപത്രിയിലെ മോളികുലർ ബയോളജിസ്റ്റായ ആൻ വാൻകീർബർഗൻ പറഞ്ഞു. രാജ്യത്ത് ഇത്തരത്തിലുള്ള മറ്റു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇത് ആദ്യത്തേതാണെന്നും ആൻ കൂട്ടിച്ചേർത്തു. ബ്രസീലിലും സമാനമായ രണ്ട് കേസുകൾ ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഒരേ സമയം ഒന്നിലധികം വകഭേദങ്ങൾ ബാധിക്കുന്നതിനെ പറ്റിയുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്.