g-sudhakaran

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി. സുധാകരന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു എന്ന വാർത്തകളിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. എന്തുകൊണ്ട് സുധാകരൻ മാത്രം വിചാരണ ചെയ്യപ്പെടുന്നു? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട്. അമ്പലപ്പുഴയേക്കാൾ ദയനീയ പ്രകടനം നടന്ന ആലപ്പുഴയെ ഒഴിവാക്കി അമ്പലപ്പുഴ മാത്രം ഇഴകീറി പരിശോധിക്കുന്ന സി.പി.എമ്മിൻറെ നയം സംശയാസ്പദമാണെന്നും സന്ദീപ് പറയുന്നു.

2016ൽ തോമസ് ഐസക് 83,211 വോട്ടുകൾ നേടിയപ്പോൾ 2021 ൽ പി.പി ചിത്തരഞ്ജന് 73,412 വോട്ടുകൾ മാത്രമാണ് നേടാനായത്. 9799 വോട്ടുകളുടെ കുറവ്. അതേ സമയം അമ്പലപ്പുഴയിൽ ജി സുധാകരൻ നേടിയ 63,069 വോട്ടുകളേക്കാൾ വെറും 1704 വോട്ടുകൾ മാത്രമാണ് എച്ച്. സലാമിന് കുറഞ്ഞത്. 2016 നേക്കാൾ 6.96% വോട്ടുകൾ 2021 ൽ ആലപ്പുഴയിൽ സി.പി.എമ്മിന് നഷ്ടമായപ്പോൾ അമ്പലപ്പുഴയിൽ വെറും 2.53% ശതമാനം വോട്ടുകളേ കുറഞ്ഞുള്ളൂ.

ഭൂരിപക്ഷം പരിശോധിച്ചാലും അമ്പലപ്പുഴയിലെ പ്രകടനമാണ് മികച്ചത്. ആലപ്പുഴയിലെ ഭൂരിപക്ഷത്തിൽ 19,388 വോട്ടുകളുടെ കുറവുണ്ടായപ്പോൾ അമ്പലപ്പുഴയിൽ ഭൂരിപക്ഷത്തിൽ 11,496 വോട്ടുകളേ കുറവുണ്ടായുള്ളൂ. പിന്നെന്തു കൊണ്ട് സുധാകരൻ മാത്രം ക്രൂശിക്കപ്പെടുന്നു? ആലപ്പുഴയിലെ വോട്ട് ചോർച്ചയേക്കാൾ അമ്പലപ്പുഴയിലെ പ്രകടനം മാത്രം വിലയിരുത്തിയാൽ മതിയെന്ന ചിന്തയ്ക്ക് പിന്നിലെ വികാരം എന്താണ്?.

എസ്.ഡി.പി.ഐ വോട്ടുകൾ കിട്ടിയില്ലായിരുന്നെങ്കിൽ സലാം 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കില്ലായിരുന്നു എന്ന വിലയിരുത്തലിലാണ് സി.പി.എം. അതായത് കണക്കിൽ കാണുന്നതിലുമപ്പുറം പാർട്ടി വോട്ടുകൾ ചോർന്നിട്ടുണ്ടെന്ന് ചുരുക്കം. എച്ച്. സലാം എസ്.ഡി.പി.ഐക്കാരൻ ആണെന്ന് പ്രഖ്യാപിച്ച് ചന്ദ്രാനന്ദൻ സ്മാരകത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം. പാർട്ടിയെ ഒറ്റിയവൻ എന്ന ലേബലിലേക്ക് സുധാകരനെ ചുരുക്കാനാണ് ചിലരുടെ നീക്കം. തനിക്ക് പിന്നിൽ ചില രാഷ്ട്രീയ ക്രിമിനലുകൾ ഉണ്ടെന്ന സുധാകര വചനത്തിന്റെ അർത്ഥം മനസിലാക്കാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സാരമെന്നും സന്ദീപ് അഭിപ്രായപ്പെട്ടു.