കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് വാഹന വിപണി കരകയറിയ കണക്കുകളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ജൂണിൽ ഒട്ടുമിക്ക കമ്പനികളും വൻ വില്പന നേട്ടം കുറിച്ചു. ചില കമ്പനികളുടെ വളർച്ച 500 ശതമാനത്തിന് മുകളിലാണെന്നത് ഉപഭോക്തൃ ഡിമാൻഡിന്റെ നല്ല ട്രെൻഡാണ് ചൂണ്ടിക്കാട്ടുന്നത്. ഈ ട്രെൻഡിന്റെ ആവേശത്തിൽ ഈമാസം വിപണിയിലേക്ക് ചുവടുവയ്ക്കുന്നത് ഒട്ടേറെ പുത്തൻ മോഡലുകളാണ്.
ജർമ്മൻ ആഡംബര ബ്രാൻഡായ ഔഡിയുടെ ഓൾ-ഇലക്‌ട്രിക് എസ്.യു.വിയായ ഇ-ട്രോൺ അവയിൽ ശ്രദ്ധേയമാണ്. ജൂലായ് 22ന് ഇ-ട്രോൺ വില്പനയ്ക്കെത്തും. 408 എച്ച്.പി കരുത്തുള്ള ഡ്യുവൽ മോട്ടോറാണ് ഉണ്ടാവുക. ടാറ്റയുടെ നെക്‌സോൺ, അൽട്രോസ് എന്നിവയുടെ ഡാർക്ക് എഡിഷൻ ഈമാസം നിരത്തിലെത്തും. മെഴ്‌സിഡെസ്-ബെൻസിന്റെ എ.എം.ജി ഇ-53 ആണ് മറ്റൊരു താരം. ഈവാരം വിപണിയിലെത്തുന്ന മോഡലിന് ബി.എം.ഡബ്ള്യു എം5 ആണ് പ്രധാന എതിരാളി. കാറിന് പ്രതീക്ഷിക്കുന്ന വില ഒന്നരക്കോടി രൂപയാണ്.
കാത്തിരിപ്പിന് വിരാമമിട്ട് ഫോക്‌സ്‌വാഗന്റെ ടൈഗനും ഈ മാസം ഇന്ത്യൻ മണ്ണിൽത്തൊടും. 5-സീറ്റർ എസ്.യു.വിയാണിത്. ലംബോർഗിനയുടെ ഹുറാകാൻ എസ്.ടി.ഒയും വിപണിയിലെത്താൻ സജ്ജമായിട്ടുണ്ട്. 5.2 ലിറ്റർ വി10 എൻജിനാണുള്ളത്. കരുത്ത് 631 എച്ച്.പി. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നേടാൻ മൂന്ന് സെക്കൻഡ് ധാരാളം.