uttar-pradesh

ലക്‌നൗ: ഭീകരരുടെ ഒളിത്താവളങ്ങൾ യു.പി പൊലീസും രഹസ്യാന്വേഷണ ഏജൻസികളും കണ്ടെത്തിയതിനു പിന്നാലെ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. ലക്‌നൗവിലെ കമ്മീഷണറേറ്റ് ഏരിയ ഉൾപ്പടെ ഉത്തർപ്രദേശിലെ ചില ഭാഗങ്ങൾക്കാണ് ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിനു പുറമെ ​ഗാർ​ദോയ്, സീതാപൂർ, ബരബങ്കി, ഉന്നാവോ, റായ് ബറേലി ജില്ലകളിലും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

ഒരു വലിയ ഭീകര ശൃംഖല കണ്ടെത്തിയതായും അൽഖ്വയ്ദയുടെ അൻസാർ ​ഗസ്വത്ത്-ഉൽ-ഹിന്ദുമായി ബന്ധമുളള രണ്ട് തീവ്രവാദികളെ എ.ടി.എസ് അറസ്റ്റ് ചെയ്തതായും എ.ഡി.ജി പ്രശാന്ത് കുമാർ അറിയിച്ചു. ലക്‌നൗവിൽ യു.പി എ.ടി.എസ് രണ്ട് വിലാസങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തിയത്. ഇവിടെ താമസിച്ചിരുന്ന ഏഴു പേരിൽ അഞ്ചുപേർ അവിടെ നിന്നും രക്ഷപ്പെട്ടു. ഇതിനെത്തുടർന്ന് ലക്‌നൗവിലും സമീപ ജില്ലകളിലും ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.

റെയ്ഡിൽ യു.പി എ.ടി.എസ് ഡോ​ഗ് സ്ക്വാഡിന്റെ സഹായത്തോടെ സ്ഫോടക വസ്ഥുക്കളും വിദേശ പിസ്റ്റലുകളും രണ്ട് പ്രഷർകുക്കർ ബോംബുകളും കണ്ടെടുത്തു. ബോംബുകൾ ബോംബ് സ്ക്വാഡിന് കെെമാറി. ഇതുമായി ബന്ധപ്പെട്ട് മസീറുദ്ദീൻ, മിൻഹാജ് എന്നിവർ പിടിയിലായതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, പിടിയിലായ മിൻഹാജിന്റെ പിതാവിന്റെ വീട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ എ.ടി.എസ് തിരച്ചിൽ നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

terror

​​​​​ഭീകരർ യു.പിയിലും ലക്‌നൗവിലും സ്ഫോടനങ്ങൾ നടത്താൻ പദ്ധതി ഇട്ടതായും ഇവർക്ക് കാശ്മീരുമായി ബന്ധമുളളതായും ഒരു എ.ടി.എസ് ഉദ്യോ​ഗസ്ഥൻ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ലീപ്പർ സെല്ലുകൾ ഉണ്ടായിരുന്നതായും ഇപ്പോൾ അവ സജീവമായി പ്രവർത്തിക്കുന്നതായും അവർ വ്യക്തമാക്കി. കുറച്ച് ദിവസങ്ങളായി ഇവർ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു. തുടർച്ചയായി റെയ്ഡുകൾ നടക്കുന്നതിനാൽ ഭീകരർ മറഞ്ഞിരിക്കാമെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു.