terrorist

ലക്നൗ: ഉത്തർ പ്രദേശിൽ ഇന്നലെ പിടികൂടിയ രണ്ട് ഭീകരർ ചാവേർ സ്‌ഫോടനം നടത്താൻ പരിശീലനം ലഭിച്ചവരാണെന്ന് ഉത്തർ പ്രദേശ് എഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു. ഇവർ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനം നടത്താനും ചില പ്രധാന ബിജെപി നേതാക്കളെ വധിക്കാനും ലക്ഷ്യമിട്ട് വന്നതാണെന്നും പ്രശാന്ത് കുമാർ പറഞ്ഞു.

തലസ്ഥാനമായ ലക്‌നൗ ഉൾപ്പടെയുള‌ള ഇടങ്ങളിലാണ് ഇവർ ആക്രമണ പദ്ധതിയിട്ടിരുന്നത്. ഒപ്പം ചാവേർ സ്ഫോടനം നടത്താനുമായിരുന്നു തീരുമാനം. സംസ്ഥാമത്ത് അൽ ഖ്വയിദയുമായി ചേർന്ന് പ്രവർത്തിക്കുന്ന അൻസാർ ഗസ്വത്-ഉൽ-ഹിന്ദിന്റെ പ്രവർത്തകരാണ് ഭീകരർ.

രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ കക്കോരിയിൽ ഒരു വീട്ടിൽ നിന്ന് ഇവരെ സംസ്ഥാന ഭീകര വിരുദ്ധ സേന പിടികൂടുകയായിരുന്നു. യുപിയിലെ ഒരു ബിജെപി എം.പി ഉൾപ്പടെ നേതാക്കളെ വധിക്കാൻ ഇവർ ലക്ഷ്യമിട്ടിരുന്നു. മസീറുദ്ദീൻ, മിൻഹാജ് എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. ഇവ‌ർക്ക് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും എത്തിച്ച് നൽകിയവരെ കുറിച്ചും അന്വേഷിക്കുകയാണെന്ന് യുപി ഭീകരവിരുദ്ധ സേന അറിയിച്ചു.