godl

ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗത്തെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യക്കാർ വൻതോതിൽ സ്വർണം വിൽക്കുന്നു. ജോലിനഷ്ടപ്പെട്ടതിലൂടെ വരുമാനം നിലച്ചവരും ലോണുകളുടെ തിരിച്ചവടവിന് മാർഗമില്ലാത്തവരുമാണ് കൂടുതലും സ്വർണം വിൽക്കുന്നത്. പണയംവച്ചാൽ തിരിച്ചെടുക്കാൻ നിർവാഹമില്ല എന്നതും ഇത്തരക്കാരെ സ്വർണം വിൽക്കാൻ പ്രേരിപ്പിക്കുന്നു. സ്വർണത്തിന് ഇപ്പോൾ താരതമ്യേന ഉയർന്ന വില ലഭിക്കുന്നതും ഇവർക്ക് ആശ്വാസമാണ്. കൂലിപ്പണിക്കാർ, ചെറുകിട സംരംഭകർ, കൃഷിക്കാർ തുടങ്ങിയവരാണ് കൂടുതലും സ്വർണം വിൽക്കുന്നത്.

ഏറെപ്പേരെ സംബന്ധിച്ചും അവസാന ആശ്രയമാണ് സ്വർണ വില്പന. പണയം വച്ചവർ തിരിച്ചെടുക്കാത്തതിനെത്തുടന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് രാജ്യത്തെ സ്വകാര്യബാങ്കുകൾ ഉൾപ്പടെ ലേലത്തിൽ വിറ്റത്. ഒരു പ്രമുഖ സ്വർണപ്പണയ സ്ഥാപനം 54 മില്യൺ ഡോളറിന്റെ സ്വർണമാണ് മാർച്ചുമുതലുള്ള മൂന്നുമാസത്തിനുള്ളിൽ ലേലം ചെയ്തത്. മുമ്പത്തെ ഒമ്പത് മാസം വെറും 80 ദശലക്ഷം രൂപയ്ക്കുള്ള സ്വർണമാണ് ലേലത്തിൽ വിറ്റതെന്ന് ഓർക്കണം. കൊവിഡ് ഒന്നാം തരംഗത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കാൾ വളരെ വലുതായിരുന്നു രണ്ടാം തരംഗത്തെത്തുടർന്നുണ്ടായത്. ഒന്നാം തരംഗത്തിന്റെ കാലത്തും സ്വർണവില്പന ഉണ്ടായിരുന്നെങ്കിലും ഇത്രയധികം ഉണ്ടായിരുന്നില്ല. രണ്ടാം തരംഗം മൂലം 200 ദശലക്ഷത്തിലധികം പേരുടെ ദിവസ വരുമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഒരുദിവസം കഷ്ടിച്ച് കടന്നുകൂടാനുളള വരുമാനം പോലും പലർക്കും ലഭിക്കുന്നില്ല എന്നതാണ് സത്യം.

പഴയസ്വർണത്തിന്റെ വില്പന കൂടുന്നത് വിദേശ നിക്ഷേപം പരിമിതപ്പെടുത്തുമെന്നാണ് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് മൂന്നാം തരംഗം കൂടി കടുക്കുകയാണെങ്കിൽ പഴയ സ്വർണം വിൽക്കുന്നവരുടെ എണ്ണം വൻതോതിലാവും.ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കും. അടുത്തുതന്നെ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.

വിവാഹ ആവശ്യത്തിനും മറ്റും സ്വർണവാങ്ങാനെത്തുന്നവർ ജുവലറികളിൽ പഴയ സ്വർണം വിൽക്കുന്നതും കൂടിവരികയാണ്.പണത്തിന്റെ കുറവുതന്നെയാണ് ഇതിന് കാരണം. കഴിഞ്ഞവർഷം പുതിയ സ്വർണ്ണ വിൽപ്പന രണ്ട് പതിറ്റാണ്ടിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി എന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ കാണിക്കുന്നത്. എന്നാൽ ഈ വർഷം സ്വർണവില്പനയിൽ വർദ്ധനവുണ്ടെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. ഒരു വർഷം മുമ്പത്തേതിനേക്കാൾ നാൽപ്പതുശതമാനം വരെയാണ് വർദ്ധനവുണ്ടായത്. അതിനിടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച സ്വർണബോണ്ട് സ്കീമിന്റെ നാലാംഘട്ട വില്പന ഇന്നുമുതൽ പതിനാറുവരെ നടക്കും. ഇരുപതിന് ബോണ്ടുകൾ വിതരണം ചെയ്യും.എട്ടുവർഷമാണ് ബോണ്ട് കാലാവധി അഞ്ചുവർഷത്തിനുശേഷം നിബന്ധനകളോടെ വിറ്റഴിക്കാം.