kongunadu

ചെന്നൈ: കൊങ്കുനാട് കേന്ദ്ര ഭരണപ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ബി ജെ പി. തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖലയിൽ മാറ്റം വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും, അത് നടക്കണമെന്നാണ് ബി ജെ പിയുടെ ആഗ്രഹമെന്നും തമിഴ്‌നാട് ബിജെപി ഉപാദ്ധ്യക്ഷൻ എൻ നാഗേന്ദ്രൻ പറഞ്ഞു.


'കൊങ്കുനാടിനെ' കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയൊരു തർക്കം തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡി എം കെ എം പി കനിമൊഴി റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു. തമിഴ്‌നാട് ഇപ്പോൾ സുരക്ഷിതമായ സർക്കാരിന് കീഴിലാണെന്നും ആർക്കും സംസ്ഥാനത്തെ വിഭജിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.

'ഭാവനയുടെ സങ്കല്പം' എന്നാണ് റിപ്പോർട്ടുകളോട് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി തലവൻ കെഎസ് അലഗിരി പ്രതികരിച്ചത്. പിൻവാതിലിലൂടെ തമിഴ് നാട്ടിലേക്ക് പ്രവേശിക്കാനാണ് ഈ പദ്ധതിയെന്നാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) നേതാവ് ജി ബാലകൃഷ്ണന്റെ പ്രതികരണം.

ഇത് അപകടകരമാണ്. തമിഴ്‌നാട്ടിലെ ജനങ്ങൾ ഇത് അനുവദിക്കില്ല. പിൻവാതിലിലൂടെ തമിഴ് നാട്ടിലേക്ക് പ്രവേശിക്കാനുള്ള ബിജെപിയുടെ അത്തരം നടപടികൾ പാർട്ടിക്ക് കടുത്ത പ്രത്യാഘാതങ്ങൾ മാത്രമേ ഉണ്ടാക്കൂ.-ബാലകൃഷ്ണൻ പറഞ്ഞു.

അതേസമയം കോയമ്പത്തൂർ സൗത്ത് എംഎൽഎയും ബിജെപി നേതാവുമായ വനതി ശ്രീനിവാസൻ ഒരു പ്രാദേശിക പത്രത്തിൽ 'തമിഴ്‌നാട് വിഭജിക്കപ്പെടണം, കൊങ്കു നാട് സൃഷ്ടിക്കണം' എന്ന തലക്കെട്ടോടെ ലേഖനമെഴുതിയതായി റിപ്പോർട്ടുണ്ട്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖല കേന്ദ്രഭരണപ്രദേശമാക്കി മാറ്റുമെന്ന പ്രചാരണത്തില്‍ വിവാദം കനക്കുകയാണ്. ജാതിവോട്ടുകള്‍ നിര്‍ണ്ണായകമായ മേഖലയിലാണിതെന്നതും ശ്രദ്ധേയമാണ്.