photo

ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരെ ത്രസിപ്പിച്ച രണ്ട് ടൂർണമെന്റുകൾക്ക് ആവേശത്തിരയോടെ കൊടിയിറക്കം. റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ ലയണൽ മെസിയുടെ അർജന്റീനയും ലണ്ടനിലെ വെംബ്ളിയിൽ ജോർജിയോ കെല്ലീനിയുടെ ഇറ്റലിയും രാജാക്കന്മാരായിരിക്കുന്നു. ആരാധകർ കൊതിച്ചിരുന്ന കിരീടനേട്ടങ്ങൾക്കാണ് കോപ്പ അമേരിക്കയും യൂറോകപ്പും വേദിയായിരിക്കുന്നത്. തിരിച്ചടികളിൽ പതറാതെ ഉറച്ച ലക്ഷ്യബോധത്തോടെ പരിശ്രമം തുടർന്നാൽ വിജയം ഒരുനാൾ നിങ്ങളെത്തേടിയെത്തുമെന്ന് തെളിയിക്കുന്നതാണ് രണ്ട് കിരീടക്കാഴ്ചകളും.

1993 ന് ശേഷം അർജന്റീന ആദ്യമായൊരു മേജർ ടൂർണമെന്റിൽ കപ്പുയർത്തുമ്പോൾ മറഡോണയുടെ പിന്മുറക്കാരിൽ പ്രതീക്ഷയർപ്പിച്ച് വർഷങ്ങളോളം കാത്തിരുന്ന ആരാധകർക്ക് അഭിമാനമുഹൂർത്തമായിരുന്നു. ഒരുപക്ഷേ മാറക്കാനയുടെ ആകാശത്ത് മാലാഖമാർക്കൊപ്പമിരുന്ന് മറഡോണയും കോപ്പ കയ്യിലേന്തി​യ മെസിയെക്കണ്ട് ആനന്ദക്കണ്ണീർ പൊഴിച്ചിരിക്കാം.

മാറക്കാനയിൽ കോപ്പ ഉയർത്തുമ്പോൾ മെസിയു‌ടെ മുഖത്ത് വിരിഞ്ഞ ചിരിയോളം അഴകുള്ളൊരു കാഴ്ച അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ക്ളബ് ഫുട്ബാളിലെ സൂപ്പർതാര പദവിക്കുമപ്പുറം രാജ്യത്തിനായൊരു കിരീടം കൊതിക്കുന്ന മെസി ആരാധകരുടെ ഇടനെഞ്ചിലെ വേദനയായിരുന്നു. 2014 ലോകകപ്പിന്റെയും 2015, 2016 കോപ്പകളുടെയും ഫൈനലുകളിൽ തന്നിൽനിന്നും തട്ടിയകറ്റപ്പെട്ട കനകകിരീടങ്ങളെയോർത്ത് വിതുമ്പുന്ന മെസിയുടെ ചിത്രം മറക്കാറായിട്ടില്ല. ഒരുവേള കളിക്കളം വിട്ടൊഴിയാൻ അയാൾ തയ്യാറായതാണ്. പാതിവഴിയിൽ പിന്മാറിയിരുന്നെങ്കിൽ ഇന്ന് മെസിമുത്തം കൊണ്ട് കോപ്പക്കിരീടം അലംകൃതമാകുമായിരുന്നില്ല. എല്ലാ നേട്ടങ്ങളെയും വിസ്മൃതിയിലാഴ്ത്തി, പരാജിതന്റെ ആലഭാരങ്ങൾ ചാർത്തപ്പെട്ട് മെസി അവസാനിച്ചേനെ. പക്ഷേ കാലം അതിന്റെ ഏറ്റവും മികച്ച പ്രതിഭയോട് നീതി പുലർത്തിയിരിക്കുന്നു.

ബ്രസീലുമായുള്ള ഫൈനൽ പരുക്കൻ അടവുകളുടെ കൂടി വേദിയായിരുന്നു. ചോരവാർന്നൊഴുകിയിട്ടും വിട്ടുകൊടുക്കാൻ കൂട്ടാക്കാതിരുന്നവർക്കിടയിലേക്ക് ഒൻപത് മഞ്ഞക്കാർഡുകളാണ് റഫറിക്ക് പ്രയോഗിക്കേണ്ടിവന്നത്. കളിക്കളത്തിൽ ഈറ്റപ്പുലികളെപ്പോലെ കടിച്ചുകീറിയവർ മത്സരശേഷം സ്നേഹാലിംഗനങ്ങളിൽ ബദ്ധരാവുന്നതും കണ്ടു. പൊട്ടിക്കരഞ്ഞുപോയ നെയ്മറെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ തോറ്റുപോയവന്റെ വേദന നന്നായറിയുന്ന മെസിയല്ലാതെ മറ്റാരുണ്ട് .സമ്മാനദാന വേളയി​ൽ ബ്രസീലി​യൻ കളി​ക്കാർക്ക് ഗാർഡ് ഒഫ് ഓണർ നൽകി​യ അർജന്റീന താരങ്ങളും എല്ലാം കഴി​ഞ്ഞ് കളി​ക്കുപ്പായമൂരി​ മൈതാനത്ത് നെയ്‌മർക്കൊപ്പമി​രുന്ന് തമാശ പങ്കി​ടുന്ന മെസി​യുമൊക്കെ കളി​ പരുക്കനാവുന്നത് കളത്തി​ൽ മാത്രമാണെന്നും അതി​നുപുറത്ത് സ്നേഹത്താൽ തങ്ങളെ കോർത്തെടുക്കുന്ന സ്വർണനൂലാണ് ഫുട്ബാളെന്നും ആരാധകരെ ഓർമ്മി​പ്പി​ക്കുകയായി​രുന്നു.

ഇംഗ്ളീഷ് ഫുട്ബാളി​ന്റെ കളി​ത്തൊട്ടി​ലായ വെംബ്ളി​യി​ലെ ഇറ്റലി​യുടെ കി​രീടവും പ്രചോദനാത്മകമാണ്. 2018ൽ റഷ്യ ലോകകപ്പിന് യോഗ്യത നേടാൻ കഴി​യാതെ കാഴ്ചക്കാരുടെ റോളി​ൽ ഒതുങ്ങേണ്ടി​വന്നവരാണ് ഇറ്റലി​. അവി​ടെ നി​ന്നാണ് റോബർട്ടോ മാഞ്ചീനി​യെന്ന പരി​ശീലകൻ 34 തുടർവി​ജയങ്ങളുമായി​ അവരെ യൂറോപ്പി​ന്റെ ചക്രവർത്തി​മാരാക്കിയി​രി​ക്കുന്നത്. പ്രതി​രോധത്തി​ന്റെ പാരമ്പര്യവഴി​കളി​ൽ നി​ന്ന് കുതറി​മാറി​ ആക്രമണ ഫുട്ബാളി​ന് പുതി​യ ഭാഷ്യം ചമച്ചാണ് കെല്ലീനി​യും കൂട്ടരും കപ്പടി​ച്ചത്.

ഇറ്റലി​യുടെ രണ്ടാം യൂറോ കപ്പാണെങ്കി​ൽ ചരിത്രത്തിലാദ്യമായി​ കപ്പുയർത്താനുള്ള അവസരമാണ് സ്വന്തം മണ്ണി​ൽ ഇംഗ്ളണ്ടി​ന് നഷ്ടമായത്. പക്ഷേ ഈ തോൽവി​യി​ൽ അവസാനി​ക്കേണ്ടവരല്ല തങ്ങളെന്ന് അർജന്റീനയുടെയും ഇറ്റലി​യുടെയും നേട്ടങ്ങൾ ഇംഗ്ളണ്ടി​നെ പഠി​പ്പി​ക്കുന്നുണ്ട്. തളരാത്ത മനസോടെ പരി​ശ്രമി​ച്ചാൽ ഇംഗ്ളണ്ടി​നായും​ ഒരു നാൾ വിജയസൂര്യൻ ഉദിക്കുകതന്നെ ചെയ്യും.