വെംബ്ളി: ഫുട്ബാളിൽ ഹൂളിഗനിസം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇംഗ്ളണ്ട് ആരാധകർ എന്നാൽ ഫുട്ബാൾ ഹൂളിഗനിസത്തിന്റെ ആശാന്മാരുമാണ്. ഇംഗ്ളണ്ടിന്റെ മത്സരങ്ങളിൽ എതിർ ടീമിന്റെ ആരാധകർ എപ്പോഴും ഇത്തരം അക്രമാസക്തരായ ഇംഗ്ളീഷ് ആരാധകരെ ഭയന്നാണ് മത്സരം കാണാനായി വരിക. വംശീയ വെറി നിറഞ്ഞ വിദ്വേശ പരാമർശങ്ങൾ നടത്തുക, എതിർ ടീമിന്റെ ആരാധകരെ ആക്രമിക്കുക, അവരുടെ ദേശീയപതാക നശിപ്പിക്കുക, സ്റ്റേഡിയത്തിലെ വസ്തുക്കൾക്ക് നാശനഷ്ടങ്ങൾ വരുത്തുക തുടങ്ങി എന്തൊക്കെ അക്രമങ്ങളിൽ ഏർപ്പെടാമോ അവയെല്ലാം ഇത്തരക്കാരുടെ വിനോദങ്ങളാണ്.
ഇന്നലെ ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിലും ഹൂളിഗൻസ് മോശമാക്കിയില്ല. മത്സരം തുടങ്ങുന്നതിനു മുമ്പ് തന്നെ ടിക്കറ്റ് ഇല്ലാതെ സ്റ്റേഡിയത്തിനുള്ളിൽ കയറാൻ ശ്രമിച്ച നിരവധി ആരാധകർ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി കയ്യാങ്കളി വരെ ഉണ്ടായി. ഇംഗ്ളണ്ട് മത്സരം തോൽക്കുക കൂടി ചെയ്തതോടെ ഇവർ കാട്ടിക്കൂട്ടിയത് ഫുട്ബാളിനു തന്നെ നാണക്കേടായി മാറി.
ഫൈനലിന്റെ തുടക്കത്തില്‍ ഇറ്റലിയുടെ ദേശീയഗാനം ആലപിച്ചപ്പോള്‍ കൂവിയാര്‍ത്ത ഇംഗ്ലീഷ് ആരാധകര്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലെ തോല്‍വിക്ക് ശേഷം വെംബ്ലി സ്റ്റേഡിയത്തിന് പുറത്ത് ഇറ്റാലിയന്‍ ആരാധകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
ഇറ്റലിയുടെ പതാക കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ഒരു ആരാധകന്‍ പതാകയിൽ തുടര്‍ച്ചയായി തുപ്പുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സാമൂഹികമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ട ഈ വീഡിയോ വൻ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.
ഈ ടൂർണമെന്റിൽ തന്നെ ഇത് ആദ്യമായല്ല ഇംഗ്ളണ്ട് ആരാധകർ ഇത്തരത്തിൽ പെരുമാറുന്നത്. ഡെന്മാർക്കിനെതിരായ സെമിഫൈനൽ മത്സരത്തിനിൽ പെനാൽട്ടി ഷൂട്ടൗട്ടിനിടെ ഡാനിഷ് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കലിന്റെ മുഖത്ത് ഇക്കൂട്ടർ ലേസർ രശ്മികൾ അടിച്ചിരുന്നു. ഡെന്മാക്കിന്റെ ദേശീയഗാനം ആലപിക്കുന്നതിനിടെ കൂവുകയും ചെയ്തതിനെ തുടർന്ന് യുവേഫ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. ജര്‍മനിക്കെതിരായ പ്രീ ക്വാര്‍ട്ടറിലും ഇംഗ്ലീഷ് കാണികള്‍ ജര്‍മന്‍ ദേശീയ ഗാനാലാപനത്തിനിടെ കൂവിയിരുന്നു.