ജമ്മു: അതിർത്തി കടന്ന് ഡ്രോൺ ഉപയോഗിച്ച് കൊണ്ടുവന്ന ആയുധങ്ങളും സ്ഫോടക വസ്‌തുക്കളും കടത്തിയ ലോറി പിടികൂടി ജമ്മു പൊലീസ്. കാശ്‌മീരിലേക്ക് കൊണ്ടുപോകുകയായിരുന്ന ആയുധങ്ങളും സ്ഫോടക വസ്‌തുക്കളുമാണ് പൊലീസ് പിടികൂടിയത്.
വാഹനങ്ങളിൽ വ്യാപകമായി ആയുധക്കടത്ത് നടക്കുന്ന രഹസ്യ വിവരം അറിഞ്ഞതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് ലോറി കുടുങ്ങിയത്. വാഹനത്തിൽ എന്താണെന്ന് പരിശോധിക്കാൻ ലോറി ഡ്രൈവർ സമ്മതിക്കാത്തതിനെ തുടർന്നാണ് പരിശോധിച്ച് ഒരു പിസ്‌റ്റളും രണ്ട് ഗ്രനേഡും പിടികൂടിയത്. പ്രിച്ചൂ പുൽവാമാ സ്വദേശിയായ ഡ്രൈവർ മന്ദസിർ മൻസൂറിനെ അറസ്‌റ്റ് ചെയ്‌തു.
അതിർത്തിയിൽ നിന്ന് ഡ്രോൺ വഴിയാണ് തനിക്ക് ആയുധങ്ങൾ കിട്ടിയതെന്നും കാശ്‌മീരിൽ ഇവ എത്തിക്കുന്ന ജോലിയാണ് തനിക്കുളളതെന്നും .ഡ്രൈവർ പൊലീസിനെ അറിയിച്ചു. ആയുധക്കടത്തുമായി ബന്ധമുളള മറ്റ് കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും ഡ്രൈവറെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.