china

ന്യൂഡൽഹി: ലഡാക്കിലെ ഡെംചുക് മേഖലയിൽ ഇന്ത്യക്കാരായ ഗ്രാമീണർ ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ പ്രകോപനം ഉണ്ടാക്കാൻ ചൈനയുടെ ശ്രമം. ഡെംചുക് മേഖലയിൽ സിന്ധുനദിയുടെ മറുവശത്തുനിന്ന് ചെൈനീസ് പട്ടാളക്കാരുൾപ്പെടുന്ന സംഘം ചൈനയുടെ പതാകയും ബാനറും ഉയർത്തിക്കാണിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ടുചെയ്യുന്നത്.

നദിയുടെ ഇങ്ങേക്കരയിൽ ദലൈലാമയുടെ ജന്മദിനാഘോഷങ്ങൾ നടക്കുന്ന ഗ്രാമത്തിലെ കമ്യൂണിറ്റി സെന്ററിന് എതിർവശത്തായാണ് അഞ്ച് വാഹനങ്ങളിലെത്തിയ സംഘം ബാനറുകളും കൊടികളും ഉയർത്തിക്കാണിച്ചത്. ഇക്കഴിഞ്ഞ ആറിനായിരുന്നു സംഭവം.

ഇക്കഴിഞ്ഞ ആറിനായിരുന്നു ദലൈലാമയുടെ 86-ാം ജന്മദിനം. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ടെലിഫോണിൽ വിളിച്ച് ആശംസകൾ നേർന്നിരുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം മോദി ആദ്യമായാണ് ദലൈലാമയുമായി സംസാരിക്കുന്നത്. കൊവിഡ് ഭീഷണി ഒഴിഞ്ഞാൽ ദലൈലാമയും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുമെന്ന് കരുതുന്നതായി ടിബറ്റൻ ഗവൺമെന്റ് ഇൻ എക്‌സൈൽ പ്രസിഡന്റ് പെൻപ സെറിംഗ് അടുത്തിടെ പറഞ്ഞിരുന്നു.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിച്ചപ്പോൾ ഇന്ത്യ ആശംസ അറിയിച്ചിരുന്നില്ല. മറിച്ച് ചൈനയുടെ കണ്ണിലെ പ്രധാന കരടായ ദലൈലാമയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രിതന്നെ നേരിട്ട് ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഇത് ചൈനയ്ക്കുള്ള സന്ദേശമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞവർഷം അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ തടഞ്ഞതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. സൈനിക നയതന്ത്ര തലത്തിലുളള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.

ഇന്ത്യയ്‌ക്ക് കൂടുതൽ പ്രകോപനം സൃഷ്‌ടിക്കുന്ന തരത്തിലുള്ള മറ്റുചില നടപടികളും അടുത്തിടെ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. അതിർത്തിയിലൂടെ ബുള‌ളറ്റ് ട്രെയിൻ സർവീസ് ആരംഭിച്ച നടപടിയായിരുന്നു അതിലൊന്ന്. ടിബറ്റിലെ പ്രവിശ്യാ തലസ്ഥാനമായ ലാസയിൽ നിന്ന് നിംഗ്ചി വരെയാണ് പുതിയ ഇലക്‌ട്രിക് ബുള‌ളറ്റ് ട്രെയിൻ സർവീസ്. അരുണാചൽ പ്രദേശിൽ നിന്നും വളരെയടുത്താണ് ടിബറ്റൻ ടൗണായ നിംഗ്‌ചി. ചൈനയിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരണത്തിന്റെ നൂറാം വാർഷിക ദിനമായ ജൂലായ് ഒന്നിന്റെ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് 435.5 കിലോമീ‌റ്റർ നീളുന്ന സിചുവാൻ-ടിബറ്റ് റെയിൽവെ സർവീസ് ആരംഭിച്ചത്.

അതിർത്തിയിലെ സുരക്ഷ ത്വരിതപ്പെടുത്തുന്നതിന് പുതിയ റെയിൽവെ ലൈൻ വേണമെന്നും അതിന്റെ നിർമ്മാണം ത്വരിതപ്പെടുത്താനും നവംബർ മാസത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് എട്ട് മാസത്തിനകം പദ്ധതി പൂർത്തിയായത്.സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്‌ഡുവിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത്. ഇവിടെ നിന്നും ലാസയിലേക്കുള‌ള യാത്രാ സമയം 48 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായാണ് കുറഞ്ഞത്. ഇന്ത്യയിലെ അരുണാചൽ അതിർത്തിയിലെ മെഡോഗിന് സമാന്തരമായി ചൈനയിലെ നഗരമാണ് നിംഗ്ചി.ദക്ഷിണ തിബറ്റിലെ തങ്ങളുടെ ഭാഗമാണ് അരുണാചൽ പ്രദേശ് എന്നാണ് ചൈനയുടെ വാദം. 3488 കിലോമീ‌റ്റർ നീളുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കപ്രദേശങ്ങൾക്ക് സമീപമാണ് സംസ്ഥാനം. ഇന്ത്യ-ചൈന അതിർത്തിയിൽ ഇനിയൊരു സംഘർഷമുണ്ടായാൽ അവശ്യ സാധനങ്ങൾ അതിർത്തിയിലെത്തിക്കാൻ ഉദ്ദേശിച്ചാണ് ഇവിടെ ബുള‌ളറ്റ് ട്രെയിൻ ചൈന ഓടിക്കുന്നത്