preeth

കഴിഞ്ഞ ദിവസം നടന്ന കോപ്പ അമേരിക്ക യിലെയും, യൂറോ കപ്പിലേയും വിജയികളെ സ്കോർ നില അടക്കം മുൻകൂട്ടി പ്രഖ്യാപിച്ച് ഫുട്ബാൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മെൻ്റലിസ്റ്റ് പ്രീത്ത് അഴീക്കോട്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രീത്തിന്റെ പ്രവചനങ്ങൾ. മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ വിജയികളെയും കമൻ്റിൽ ഗോൾ നിലയും കാണാം. ഇത് അസാധ്യമല്ലെന്നും, മെൻ്റലിസ്റ്റ് എന്ന നിലയിൽ ഇത്തരം ഇല്യൂഷനുകൾ സൃഷ്ടിക്കുന്നത് സാധാരണമാണെന്നും പ്രീത്ത് പറയുന്നു. വരാനിരിക്കുന്ന കാര്യങ്ങൾ നേരത്തെ അറിയുക എന്നത് ഏതൊരു മനുഷ്യൻ്റെയും എക്കാലത്തെയും ആഗ്രഹമാണ്. എന്നാൽ ,നിർഭാഗ്യവശാൽ അത് മനുഷ്യ സാധ്യമായ കാര്യമല്ല എന്നതാണ് സത്യം. എന്നാൽ ജനങ്ങളുടെ ഈ ആകാംക്ഷയെ മുതലെടുത്തു കൊണ്ട് പ്രവചനങ്ങൾ നടത്തുകയും അത് സാധ്യമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന പല കപടശാസ്ത്രങ്ങളും ആളുകളും നമുക്കു ചുറ്റും ഉണ്ട്. അവരുടെ വാദങ്ങൾ തട്ടിപ്പാണെന്നും പല പ്രവചനങ്ങളും ശരിയാവുന്നതിനു പിന്നിൽ ചില ലോജിക്കുകളും മനശാസ്ത്രപരമായ കാരണങ്ങളും മാത്രമാണെന്നും പ്രീത്ത് വിശദീകരിക്കുന്നു.
ഇക്കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇതിന് മുമ്പും പ്രീത്ത് അഴീക്കോട് പ്രവചന പരീക്ഷണങ്ങൾ വിജയകരമായി നടത്തിയിട്ടുണ്ട്.

ലോക്സഭാ ഇലക്ഷൻ റിസൾട്ട് പ്രസിദ്ധീകരിക്കുന്ന ദിവസം മലയാളത്തിലെ ആറ് പ്രമുഖ ദിനപത്രങ്ങൾ എന്തായിരിക്കും മുഖ്യ തലക്കെട്ട് കൊടുക്കുക എന്നത് ഒരു മാസം മുന്നേ പ്രഖ്യാപിക്കുക എന്നതാണ് അതിലൊന്ന്. കണ്ണൂർ കലക്ടറുടെ സാന്നിദ്ധ്യത്തിൽ 2014ൽ അവതരിപ്പിച്ച ഈ പരിപാടി ഒട്ടേറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. പിന്നീട് തിരുവനന്തപുരത്ത് വച്ച് അന്നത്തെ മേയർ വി കെ പ്രശാന്തിൻ്റെ സാന്നിധ്യത്തിൽ 2018 ലെ ഫിഫ ലോകകപ്പ് ഫുടബാൾ വിജയിയെ ഗോൾ നില അടക്കം പ്രവചിച്ചതും, 2020ലെ കരിപ്പൂർ വിമാനാപകടം ഒരു മാസം മുന്നെ സോഷ്യൽ മീഡിയയിലൂടെ പ്രവചിച്ചതും പ്രീത്തിൻ്റെ ശ്രദ്ദേയമായ നേട്ടങ്ങളാണ്.


എന്നാൽ, ഇതെല്ലാം ഭാവി അറിയാനുള്ള മനുഷ്യൻ്റെ ആഗ്രഹത്തെ താൽകാലികമായി തൃപ്തിപ്പെടുത്താനുള്ള കലാപരമായ അവതരണങ്ങൾ മാത്രമാണെന്നും .ഇത്തരം രീതികൾ ഉപയോഗിച്ചു കൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യുന്ന കപടശാസ്ത്രങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്നും പ്രീത്ത് പറയുന്നു. മാജിക്കും മനശ്ശാസ്ത്രവും സംയോജിപ്പിച്ചു അതീന്ദ്രിയ സിദ്ധികളിലൂടെ കാണികളെ അത്ഭുതപ്പെടുത്തുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു മഹത്തായ കലയാണ് മെൻ്റലിസം. ഈ കലയെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റേണ്ട സമയം അതിക്രമിച്ചെന്നും പ്രീത്ത് അഭിപ്രായപ്പെടുന്നു.
2014-16 കാലത്ത് മജീഷ്യൻ ഗോപിനാഥ് മുതുകാടിൻ്റെ തിരുവനന്തപുരത്തെ മാജിക് തീം പാർക്കായ മാജിക് പ്ലാനറ്റിലെ മെൻ്റലിസം അവതാരകനായിരുന്നു പ്രീത്ത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൈൻ്റ് റീഡർ എന്ന റെക്കാഡിന് ഉടമ കൂടിയായ പ്രീത്ത് ഈ കോവിഡ് കാലത്തും ഓൺലൈൻ ഷോകളിലൂടെ തൻ്റെ കലാരംഗത്ത് സജീവമാണ്.

ഏകമകൾ ജ്വാലയോടും, ബലൂൺ ആർട്ടിസ്റ്റ് ഷിജിനയോടുമൊപ്പം തിരുവനന്തപുരത്താണ് താമസം. ഒരു കുടുംബത്തിലെ എല്ലാവരും അവരവരുടെ മേഖലയിൽ റെക്കോർഡ് നേടിയവരാണെന്ന അപൂർവ്വ നേട്ടം കൂടി ഈ കുടുംബത്തിന് സ്വന്തമാണ്.