corp

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ മറവിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ വാടകയ്‌ക്കെടുത്ത ഇനത്തിൽ വൻ തുകയുടെ തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം നിലനിൽക്കെ വിവിധ ജോലികൾക്കായി പണം നൽകുന്ന സംവിധാനം ഉടച്ചുവാർക്കാൻ നഗരസഭ ഒരുങ്ങുന്നു. കൊവിഡ് വ്യാപന കാലമായതിനാൽ തന്നെ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫസ്‌‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ ജോലിക്കാർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങുന്നതിന് മുൻകൂറായി തുക നൽകുന്നതിലാണ് കർശന നിബന്ധനകൾ കൊണ്ടുവരാൻ കോർപ്പറേഷൻ തയ്യാറെടുക്കുന്നത്.

ഇനിമുതൽ അടിയന്തര ഘട്ടത്തിൽ മാത്രമേ ഇത്തരം ആവശ്യങ്ങൾക്കായി തുക അനുവദിക്കുകയുള്ളൂവെന്ന് കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സെക്രട്ടറി സർക്കുലറും പുറത്തിറക്കി. ആവശ്യങ്ങൾക്ക് ഉപയോഗിച്ച ശേഷം തുക ക്രമപ്പെടുത്തുന്നതിന് കർശന മാനദണ്ഡങ്ങളും സെക്രട്ടറി തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിക്ക് തുക വിനിയോഗിച്ച ശേഷം എല്ലാ രേഖകളും അടക്കം മൂന്ന് മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ ചെലവാക്കിയ തുക മൂന്ന് മാസത്തെ പലിശ അടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരിച്ചടയ്‌ക്കേണ്ടി വരും.

ഒരു പദ്ധതിക്ക് ആവശ്യമായി വരുന്ന ഏകദേശ തുക എത്രയെന്നതും എന്തുകൊണ്ട് മുൻകൂറായി തുക ആവശ്യപ്പെടുന്നു എന്നതും വ്യക്തമാക്കുന്ന റിപ്പോർട്ടും സമർപ്പിച്ചാൽ മാത്രമേ തുക അനുവദിക്കുകയുള്ളൂ. ഈ റിപ്പോർട്ട് കോർപ്പറേഷൻ സെക്രട്ടറിയും മേയറും പരിശോധിച്ച ശേഷം മാത്രമായിരിക്കും അതത് വകുപ്പിൽ നിന്ന് മുൻകൂർ തുക അനുവദിക്കുക. ഇത്തരത്തിൽ തുക അനുവദിച്ച് കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി രേഖയും അനുബന്ധ രേഖകളും നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്.

നേരത്തെ ഇത്തരത്തിൽ അഡ്വാൻസായി തുക വാങ്ങുകയും ക്രമക്കേട് നടത്തുകയും ചെയ്തായി ആരോപണം ഉയർന്നിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല,​ ക്ഷേത്രത്തിൽലെ പണ്ടാര അടുപ്പിൽ മാത്രമായി ഒതുക്കിയെങ്കിലും പതിവുപോലെ നഗരം വൃത്തിയാക്കുന്നതിനായി വാഹനങ്ങൾ വാടകയ്‌ക്ക് എടുത്ത് ഓടിയെന്നതിന്റെ പേരിൽ ലക്ഷങ്ങളാണ് ഇങ്ങനെ വെട്ടിച്ചത്. വാഹനങ്ങളുടെ ട്രിപ്പുകളുടെ എണ്ണം കൂട്ടിക്കാണിച്ചും ഇല്ലാത്ത തൊഴിലാളികളുടെ പേരിൽ കൂലി ഇനത്തിൽ ചില ഉദ്യോഗസ്ഥർ പണം തട്ടുന്നു എന്നുമായിരുന്നു നേരത്തെയുണ്ടായിരുന്ന പരാതി. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് ക്രമക്കേട് പുറത്തായത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുൻകാലങ്ങളിൽ ഇത്തരത്തിൽ തുക മുൻകൂറായി നൽകുന്നതിൽ ക്രമക്കേട് നടന്നതായി തെളിയുകയും ചെയ്തു.