sirisha-bandla

ഹൂസ്റ്റൻ:റിച്ചാർഡ് ബ്രാൻസന്റെ ബഹിരാകാശ ദൗത്യം വിജയമായതോടെ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് 34 കാരിയായ സിരിഷ ബന്ദ്ല.ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച സിരിഷ അഞ്ച് വയസ്സ് വരെ അവിടെയാണ് വളർന്നത്. പിന്നീട് ഹൂസ്റ്റണിലെത്തി.

2011ൽ പാർഡ്യൂ സർവകലാശാലയിലെ എയ്‌റോനോട്ടിക് ആൻഡ് ആസ്‌ട്രോനോട്ടിക്‌സിൽ നിന്ന് സയൻസ് ബിരുദം നേടി. 2015ൽ ജോർജ് വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് മാസ്റ്റര്‍ ഒഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

കാഴ്ചശക്തി വില്ലനായി

നാസയിൽ ബഹിരകാശ യാത്രികയാകാൻ സിരിഷ ആഗ്രഹിച്ചിരുന്നെങ്കിലും കാഴ്ചശക്തി കുറവ് കാരണം അത് സാദ്ധ്യമായില്ല. പർഡ്യൂ സർവകലാശാലയില്‍ പഠിക്കുമ്പോഴാണ് ഒരു പ്രൊഫസർ വാണിജ്യ ബഹിരാകാശ വിമാന മേഖലയിലെ അവസരങ്ങളെക്കുറിച്ച് സിരിഷയോട് പറയുന്നത്. പിന്നീട്, സിരിഷ വെർജിൻ ഗാലറ്റിക്സിൽ എയ്‌റോനോട്ടിക്കൽ എൻജിനിയറായി.

വിംഗ് കമാൻഡർ രാകേഷ് ശർമ്മയാണ് ബഹിരാകാശത്തെത്തിയ ഏക ഇന്ത്യൻ പൗരൻ. 1984ൽ സോവിയറ്റ് ഇന്റർകോസ്‌മോസ് പദ്ധതിയുടെ ഭാഗമായി സോയൂസ് ടി-11-ലാണ് ശർമ ബഹിരാകാശം തൊട്ടത്.