zika

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്ന് കോയമ്പത്തൂരുള്ള ലാബിലേക്ക് അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം എന്‍ ഐ വി ആലപ്പുഴയില്‍ അയച്ച അഞ്ച് സാമ്പിളുകള്‍ കൂടി നെഗറ്റീവായി.

കഴിഞ്ഞ ദിവസം ഒരുവയസ് പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു പേരിൽക്കൂടി സിക്ക വൈറസ് കണ്ടെത്തിയിരുന്നു. 46 വയസുള്ള പുരുഷനും 29 വയസുള്ള ആരോഗ്യപ്രവർത്തകയുമാണ് മറ്റു രണ്ടുപേർ.

രോഗം കണ്ടെത്തിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മറ്റു രോഗങ്ങൾക്ക് ചികിത്സയ്ക്കെത്തിയതാണ് കുഞ്ഞും 40കാരനും. ആരോഗ്യപ്രവർത്തക ഇതേ ആശുപത്രിയിലെ ജീവനക്കാരിയാണ്. കഴിഞ്ഞ ദിവസം ഈ ആശുപത്രിയിലെ 13 ജീവനക്കാർക്ക് രോഗം കണ്ടെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നു കോയമ്പത്തൂർ ലാബിൽ അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടു സാമ്പിളുകളിലാണ് മൂന്ന് എണ്ണം പോസിറ്റീവായി. സംസ്ഥാനത്ത് ആദ്യമായി 24കാരിയായ ഗർഭിണിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.