ശോഭന മലയാളികൾക്ക് നടി മാത്രമല്ല, മികച്ച നർത്തകി കൂടിയാണ്. നൃത്തത്തിന്റെ തിരക്കുകൾക്കിടയിലാണെങ്കിലും ജീവിതത്തിലെ പ്രധാനവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വർഷങ്ങളായി നൃത്തത്തിന് വേണ്ട കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്യുന്ന അയ്യാലു ഗാരുവിനെ കുറിച്ച് താരം പങ്കിട്ട കുറിപ്പ് ശ്രദ്ധേയമായി.
'ചിത്രത്തിൽ കാണുന്ന കോസ്റ്റ്യൂം തയ്ച്ചത് ഒരു മാസ്റ്റർ ആണ്, ഞാൻ 'അയ്യാലു ഗാരു' എന്ന് വിളിച്ചിരുന്ന ആൾ. തെയ്നാംപേട്ടിലെ തന്റെ ചെറിയ കടയിൽ നിന്നും വരാൻ വിസമ്മതിച്ച 'മാസ്റ്റർ ടെയിലർ.' ചമ്രം പടിഞ്ഞു ഇരിക്കുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ സഹിക്കാൻ പറ്റാതെ വന്നപ്പോൾ അദ്ദേഹത്തിനു ഇരിക്കാൻ നിലത്ത് വട്ടത്തിൽ മുറിച്ച് ഒരു 'ഹോൾ' ഉണ്ടാക്കേണ്ടി വന്നു. കാരണം സ്റ്റൂളിൽ ഇരുന്നു പണിയെടുക്കില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു.
ഒരിക്കൽ പോലും 'കോസ്റ്റ്യൂം ട്രയലി 'നായി ഞാൻ പോയിട്ടില്ല. ഇടവേള കഴിഞ്ഞു ധരിക്കേണ്ട വേഷം ഇടവേള സമയത്ത് വന്നെത്തിയ ചില സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും കോസ്റ്റ്യൂം വൈകുകയോ പാകമാവാതെ വരുകയോ ഉണ്ടായിട്ടില്ല. 'നീ തടി വച്ചിട്ട് എന്നെ പറയരുത് ' എന്ന് ഞാൻ ഓരോ തവണ ഓർഡർ കൊടുക്കുമ്പോഴും അദ്ദേഹം എനിക്ക് മുന്നറിയിപ്പ് തരുമായിരുന്നു. ഞാൻ വണ്ണം വയ്ക്കുമായിരുന്നു താനും.' ഇതായിരുന്നു താരത്തിന്റെ കുറിപ്പ്.