kitex

 ഓഹരിവില ഇന്നലെ 19.99% മുന്നേറി ₹168.65ലെത്തി

 ഓഹരി വാങ്ങാൻ വൻ തിരക്ക്; പക്ഷേ, വിൽക്കാനാളില്ല

കൊച്ചി: തെലങ്കാനയിൽ നിക്ഷേപ നടപടികളിലേക്ക് കടന്നതോടെ, കിറ്റെക്‌സിന്റെ ഓഹരി വിലക്കുതിപ്പ് തുടരുന്നു. ഇന്നലെ കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ ഓഹരിവില 52 ആഴ്‌ചയ്ക്കിടയിലെ ഏറ്റവും ഉയരമായ 168.65 രൂപയിലെത്തി. ഇന്നലെ മാത്രം വ‌ർദ്ധന 28.10 രൂപ (19.99 ശതമാനം). 20 ശതമാനമെന്ന 'അപ്പർ സർക്യൂട്ട്" തൊട്ടതോടെ കിറ്റെക്‌സിന്റെ ഓഹരി വില്പനയും നിലച്ചു. ഓഹരി വാങ്ങാൻ വൻ തിരക്കുണ്ടെങ്കിലും വിറ്റഴിക്കാൻ ആരും തയ്യാറാകാത്ത അവസ്ഥയാണിത്.

ഓഹരിവില ഇനിയും കുതിക്കുമെന്ന പ്രതീക്ഷയോടെയാണ്, ഇപ്പോൾ അവ കൈവശമുള്ളവർ വിൽക്കാൻ തയ്യാറാകാത്തത്. 81,844 വാങ്ങൽ അപേക്ഷകൾ ഇന്നലെ 'പെൻഡിംഗ്" ഉണ്ട്. 140.55 രൂപയിലാണ് കഴിഞ്ഞ വെള്ളിയാഴ്‌ച കിറ്റെക്‌സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ വ്യാപാരം ആരംഭിച്ചത് 150 രൂപയിൽ. ഒരുവേള, വില 148 രൂപയിലേക്ക് താഴ്‌ന്നെങ്കിലും ഉടൻ കുതിച്ചുകയറി. വ്യാപാരാന്ത്യം കമ്പനിയുടെ ഓഹരിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) 1,121 കോടി രൂപയാണ്.

വിവിധ സർക്കാർ വകുപ്പുകളുടെ പരിശോധനാ പീഡനങ്ങളിൽ പ്രതിഷേധിച്ച് കേരളത്തിലെ നിർദിഷ്‌ട 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ ഉപേക്ഷിക്കുന്നതായി കിറ്റെക്‌സ് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ്, തെലങ്കാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം അവിടെ നിക്ഷേപ ചർച്ചകളിലേക്ക് കടന്നതും 1,000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപപദ്ധതി പ്രഖ്യാപിച്ചതും. സെൻസെക്‌സ് തുടർച്ചയായി നഷ്‌ടത്തിൽ തുടരുമ്പോഴാണ്, കിറ്റെക്‌സ് ഓഹരികൾ അപ്പർ സർക്യൂട്ടിൽ എത്തിയതെന്നതും ശ്രദ്ധേയം.

ഒരാഴ്‌ച, നേട്ടം 48.98%

കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ കിറ്റെക്‌സ് ഓഹരികളുടെ മുന്നേറ്റം 48.98 ശതമാനമാണ്. ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് ലഭിച്ച റിട്ടേൺ 55.08 ശതമാനം. ഓഹരിവില 185 രൂപവരെ എത്താനുള്ള സാദ്ധ്യത ഒട്ടേറെപ്പേർ കാണുന്നുണ്ട്.