pinarayi-vijayan

സർക്കാരിനെതിരെ വീണ്ടും ബന്ധുനിയമന ആരോപണം ഉയരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസര്‍ ഒണ്‍ സ്പെഷല്‍ ഡ്യൂട്ടിയായ ആര്‍. മോഹനന്റെ ഭാര്യയ്ക്ക് നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഒരു മാദ്ധ്യമവാർത്ത ചൂണ്ടിക്കാട്ടി ഡോ. ആസാദാണ് ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മലയാള ഭാഷയില്‍ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും പത്തു വര്‍ഷത്തെ അദ്ധ്യാപന പരിചയവുമാണ് ലെക്സിക്കന്‍ മേധാവിക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യത. എന്നാൽ ഒരു സംസ്കൃത അദ്ധ്യാപികയെ ആ ചുമതല ഏല്‍പ്പിക്കാന്‍ മാത്രം ദാരിദ്ര്യം മലയാളത്തിനു വന്നിരിക്കുമോ? എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

'ബന്ധുനിയമനത്തിന് ഒരു നിയമവും തടസ്സമല്ല! സര്‍വ്വകലാശാലാ നിയമങ്ങളോ ചട്ടങ്ങളോ വഴക്കങ്ങളോ പ്രശ്നമല്ല. തസ്തികയുടെ സ്വഭാവം പ്രശ്നമല്ല. മുഖ്യ യോഗ്യത സര്‍ക്കാര്‍ ബന്ധുത്വം മാത്രം.

മലയാളം ലെക്സിക്കന്‍ മേധാവിയായി ഒരു സംസ്കൃതാധ്യാപികയെ നിയമിക്കാന്‍ അധികാരികള്‍ക്ക് ധൈര്യം കിട്ടിയിരിക്കുന്നു. മലയാളത്തിന്റെ ശബ്ദ കോശത്തെ, പദസഞ്ചയത്തെ ആഴത്തിലറിയുന്ന ഒരാളാവണം മലയാളം ലെക്സിക്കന്‍ മേധാവിയാവേണ്ടത് എന്ന് സാമാന്യബോധമുള്ള ആര്‍ക്കുമറിയാം. അതു സംബന്ധിച്ച നിയമങ്ങള്‍ അത് അനുശാസിക്കുന്നുണ്ട്. കീഴ് വഴക്കവും അതാണ്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായ ആര്‍. മോഹനന്റെ ഭാര്യയ്ക്ക് താല്‍പ്പര്യമുണര്‍ന്നാല്‍ ചട്ടങ്ങളും വഴക്കങ്ങളും വഴി മാറും! പിന്‍വാതില്‍ നിയമനങ്ങള്‍ അലങ്കാരമാക്കിയ ഒരു സര്‍ക്കാറിന് അല്‍പ്പംപോലും ലജ്ജ തോന്നുകയില്ല.

മലയാള ഭാഷയില്‍ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും പത്തു വര്‍ഷത്തെ അദ്ധ്യാപന പരിചയവുമാണ് ലെക്സിക്കന്‍ മേധാവിക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യത. ആ യോഗ്യതയുള്ള ഒരാളെയും കിട്ടാനില്ലാത്ത അവസ്ഥ വന്നുവെന്ന് നാം വിശ്വസിക്കണം! സംസ്കൃത അദ്ധ്യാപികയെ ആ ചുമതല ഏല്‍പ്പിക്കാന്‍ മാത്രം ദാരിദ്ര്യം മലയാളത്തിനു വന്നിരിക്കുമോ? അഥവാ ഏതു തസ്തികയിലും സര്‍ക്കാര്‍ ബന്ധുക്കള്‍ക്ക് യോഗ്യത നോക്കാതെ നിയമനം നല്‍കാമെന്ന് ചട്ടങ്ങള്‍ തിരുത്തിക്കാണുമോ ആവോ!

ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയമന അഴിമതികളുടെ വലിയ നിരയാണ് സമീപ കാലത്ത് വെളിച്ചത്തു വന്നത്. 1997ല്‍ സംസ്കൃത സര്‍വ്വകലാശാലയില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ നിയമന അഴിമതി മുതല്‍ ലെക്സിക്കന്‍ നിയമന അഴിമതിവരെ പുറത്തുവന്ന ഞെട്ടിക്കുന്ന അനേകം അഴിമതികളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിസംഗമായി അഴിമതി ആരോപണങ്ങളെ മറവിയിലേക്കു തള്ളിവിടാമെന്ന് അവര്‍ മോഹിക്കുന്നു!

സേവ് യൂനിവേഴ്സിറ്റി കാമ്പെയിന്‍ കമ്മറ്റി ലെക്സിക്കന്‍ നിയമനത്തെ സംബന്ധിച്ചും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നു. മുമ്പെപ്പോഴും എന്നപോലെ പരാതികള്‍ തുടരും പിന്‍ വാതില്‍ നിയമനങ്ങളും തുടരും എന്നേ വിചാരിക്കാന്‍ കഴിയുന്നുള്ളു. പരിഹാരം ഉണ്ടാവുന്നില്ല. അഥവാ ഏത് അനീതിയോടും പൊരുത്തപ്പെടുന്ന ഒരു നിഷ്ക്രിയത്വം നമ്മെ വിഴുങ്ങുകയാവണം. ഇതു നമ്മെ എവിടെയാണ് കൊണ്ടുചെന്നെത്തിക്കുക?

ആസാദ്'

11 ജൂലായ് 2021