റോം: ഒരുവശത്ത് മനോഹരമായ കടൽതീരം. മറുവശത്ത് കുന്നിൻചെരുവിൽ പഴമ വിളിച്ചോതുന്ന കല്ലിൽ കൊത്തിയതുപോലെയുളള വീടുകൾ. കാണാൻ അതിമനോഹരമായൊരു കാഴ്ചയാകും അത് അല്ലേ? ദിവസവുമുളള തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഇത്തരമൊരു സ്ഥലത്ത് താമസിക്കാൻ ഏതൊരാളും കൊതിക്കും. അപ്പോൾ അത്തരമൊരു വീട് വാങ്ങാൻ ഇങ്ങോട്ട് പണം ലഭിച്ചാലോ? അതും കൊക്കിലൊതുങ്ങുന്ന വിലയിൽ.
അതെ സത്യമാണ്. മനോഹരമായ കടൽതീരത്തുളള ഒരു പട്ടണത്തിൽ താമസമാക്കിയാൽ നിങ്ങൾക്ക് അധികാരികൾ 24.5 ലക്ഷം രൂപ നൽകും. ആർക്കും ഈ പട്ടണത്തിൽ വീട് വാങ്ങാം. ഇറ്റലിയിലെ കാലാബ്രിയയിലാണ് ഈ ഓഫർ ഉളളത്. പക്ഷെ ചില കണ്ടീഷനുകളുണ്ട്. ഒന്ന് പ്രായമാണ്. 40 വയസിൽ താഴെയായിരിക്കണം താമസിക്കാൻ എത്തുന്നയാളുടെ പ്രായം. മറ്റൊന്ന് ഒരു ബിസിനസ് പട്ടണത്തിൽ എത്തുന്നവർ തുടങ്ങണം.
ഇറ്റലിയിലെ പല പട്ടണങ്ങളെയും പോലെ സാമ്പത്തിക ഞെരുക്കമാണ് കാലാബ്രിയ പട്ടണത്തിലെ അധികാരികളെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവിടെ സാമ്പത്തിക മാന്ദ്യം രൂക്ഷമാണ്. വെറും 2000 താമസക്കാർ മാത്രമാണ് ഇവിടെയുളളത് എന്നതാണ് പ്രധാന പ്രശ്‌നം. ഇവിടെ സാമ്പത്തിക ഉണർവുണ്ടാക്കാൻ സഹായിക്കാനാണ് താൽപര്യമുളളവർക്കം പണം നൽകുന്നത്.
കാലാബ്രിയയ്‌ക്ക് പുറമേ ബിസാക്കിയ. സംബുക്ക എന്നിങ്ങനെ കുറച്ച് പട്ടണങ്ങളും ഇത്തരം വാഗ്‌ദാനങ്ങൾ നൽകി താമസക്കാരെ ആകർഷിച്ചിരുന്നു മുൻപ്. ഇത് അന്താരാഷ്‌ട്ര തലത്തിൽ വാർത്തയുമായിരുന്നു. താമസിക്കാൻ താൽപര്യപ്പെടുന്നവർ 90 ദിവസങ്ങൾക്കകമാണ് അപേക്ഷിക്കേണ്ടത്. എന്തായാലും ഇത്തരത്തിൽ അവസരങ്ങൾ നൽകുന്നതിലൂടെ പ്രദേശത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്നാണ് അധികാരികളുടെ കണക്കുകൂട്ടൽ.