aamir

മൻഡ്‌സൗർ: ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവിന് കാരണം ആമീർ ഖാനെ പോലുള്ളവരാണെന്ന് മദ്ധ്യപ്രദേശിൽ നിന്നുള്ള ബി ജെ പി എം പി സുധീർ ഗുപ്ത. "ആദ്യ ഭാര്യയായ റീനയിൽ രണ്ട് കുട്ടികളും രണ്ടാമത്തെ ഭാര്യയായ കിരൺ റാവുവിൽ ഒരു കുട്ടിയുമുള്ള ആമീർ ഖാൻ ഈ മൂന്ന് കുഞ്ഞുങ്ങളോടും ഒരു ഉത്തരവാദിത്തവുമില്ലാതെ മൂന്നാമത്തെ ഭാര്യക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇതാണോ ഇന്ത്യ ലോകത്തിനു നൽകുന്ന സന്ദേശം?," സുധീർ ഗുപ്ത അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനസംഖ്യാ വർദ്ധനവിന് പിന്നിൽ ആമീർ ഖാനെ പോലുള്ള വ്യക്തികൾക്ക് വലിയൊരു പങ്കുണ്ടെന്ന് സുധീ‌ർ പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിലാണ് മദ്ധ്യപ്രദേശിലെ മൻദ്‌സൗറിൽ നിന്നുള്ള ലോക്സഭാ എം പി സുധീർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ദിവസം ആമീർ ഖാനും ഭാര്യ കിരൺ റാവുവും തങ്ങളുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് പത്രകുറിപ്പ് ഇറക്കിയിരുന്നു. ഭാവിയിൽ നല്ല സുഹൃത്തുക്കളായി കഴിയുമെന്നും കുട്ടിയുടെ ഉത്തരവാദിത്വം രണ്ടു പേരും ചേർന്ന് നിറവേറ്റുമെന്നും അവർ പറഞ്ഞിരുന്നു.